- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസംബന്ധങ്ങൾ പറയുന്ന വി മുരളീധരൻ ജനങ്ങളോട് മാപ്പുപറയണം: മുഹമ്മദ് റിയാസ്
കോഴിക്കോട്: ദേശീയപാത ഉദ്ഘാടന പരിപാടിയിൽ പറഞ്ഞ അസംബന്ധങ്ങൾക്ക് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ബിജെപിയുടെ സൈബർ ഇടങ്ങളിലെ പരാമർശങ്ങൾ പൊതുവേദികളിൽ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല. കഴിഞ്ഞദിവസം കാസർകോട്ട് ദേശീയപാതകളുടെ ഉദ്ഘാടന ചടങ്ങിൽ മുരളീധരൻ നടത്തിയത് കേന്ദ്രമന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്തതാണ് മന്ത്രി റിയാസ് വാർത്താലേഖകരോട് പറഞ്ഞു.
അരിക്കൊമ്പൻ റോഡ് എന്ന പേരിൽ അറിയുന്ന മൂന്നാർ ഗ്യാപ്പ് റോഡ് പൂർത്തീകരിച്ചത് താൻ ഫേസ്ബുക്കിൽ ഇട്ടു എന്നായിരുന്നു പരിഹാസം. ഈ റോഡിന്റെ ഡിപിആർ തയ്യാറാക്കിയത് സംസ്ഥാനസർക്കാരാണ് . റോഡ്വികസനത്തിന് ഒന്നര ഹെക്ടർ വനഭൂമി ഏറ്റെടുത്ത് നൽകിയതും പകരം വനവൽക്കരണത്തിന് ഭൂമി കൈമാറിയതും സംസ്ഥാന സർക്കാരാണ്. പ്രവൃത്തി പൂർത്തീകരിച്ചത് കേരള പി ഡബ്ല്യു ഡിക്ക് കീഴിലുള്ള എൻ എച്ച് വിഭാഗവും. ഈ വസ്തുതകൾ കേന്ദ്രമന്ത്രി മനസിലാക്കണം. മന്ത്രി പറഞ്ഞു.
ഇക്കോ ലോഡ്ജിനും സംസ്ഥാന പണം
ഇടുക്കി ഇക്കോ ലോഡ്ജിന് കേന്ദ്രസർക്കാർ പണം നൽകിയിട്ടുണ്ട് . അത് കേന്ദ്രത്തിന്റെ ഔദാര്യമല്ല കേരളത്തിന്റെ അവകാശമാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല എന്ന് പ്രചരിപ്പിക്കുന്നുണ്ട് കേന്ദ്രമന്ത്രി . 2.43 കോടി രൂപ ഈ പദ്ധതിയിൽ സർക്കാരിന്റേതാണ്. നടത്തിപ്പിനുള്ള തുക നൽകിയത് സംസ്ഥാന ടൂറിസം വകുപ്പാണ്. പീരുമേടിലെ ഇക്കൊ ലോഡ്ജിന് 2.35 കോടി രൂപനൽകി. നടത്തിപ്പിനുള്ള ചെലവ് ടൂറിസം വകുപ്പും നൽകി.
കാസർകോട് തിരുവനന്തപുരം ദേശീയപാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ കാലണ നൽകിയില്ല എന്ന കുപ്രചാരണമാണ് മുരളീധരൻ നടത്തുന്നത്. സർക്കാർ 25% തുക , (5,600ലധികം കോടി രൂപ)യാണ് ചെലവഴിച്ചത്. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇക്കാര്യങ്ങൾ മനസിലാക്കി കേന്ദ്രസഹമന്ത്രി കേരളീയരോട് മാപ്പുപറയാൻ തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.



