തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിലെ ജലനിരപ്പ് ഉയർന്നു. നീരൊക്ക് വർധിച്ച് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 137.5 അടിയിൽ എത്തിയതോടെ നാളെ രാവിലെ പത്തുമണി മുതൽ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം.

സെക്കൻഡിൽ പരമാവധി 10000 ക്യൂമെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.

142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ ഉച്ചയോടെ മഴ കുറഞ്ഞത് ആശ്വാസം നൽകുന്നുണ്ട്. ഇന്ന് ജില്ലയിൽ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. ഇന്ന് ഇടുക്കിക്ക് പുറമേ പത്തനംതിട്ടയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.