ഇടുക്കി: റിമാന്റിൽ കഴിയുന്ന എൻ ഐ എ കേസിലെ പ്രതിയുടെ റിസോർട്ടിന് ക്രമരഹിതമായി ലൈസൻസ് പുതുക്കി നൽകിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മാങ്കുളം വിരിപാറയിൽ പ്രവർത്തിച്ചു വരുന്ന മൂന്നാർ വില്ല വിസ്റ്റ റിസോർട്ടിന് മാങ്കുളം പഞ്ചായത്ത് കഴിഞ്ഞ ദിവസം ലൈസൻസ് പുതുക്കി നൽകിയിരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വഴിവിട്ട നീക്കം ഉണ്ടായതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

മാങ്കുളം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കീഴ് ജീവനക്കാരായ ചിലരിൽ നിന്നും ലൈസൻസ് വിഷയത്തിൽ മൊഴി രേഖപ്പെടുത്തിയെന്നും വീഴ്ച സംഭവിച്ചതായി ഇവർ സമ്മതിച്ചെന്നും മൂന്നാർ വൈ എസ് പി അലക്‌സ് ബേബി അറിയിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നു വരുന്നത്. നടപടികൾ ആരംഭഘട്ടത്തിലാണ് ഇതെക്കുറിച്ച് ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ല. ഡി വൈ എസ് പി വിശദമാക്കി.

സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചിരുന്നെന്നും പരിശോധനയിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ താമസിയാതെ റദ്ദാക്കിയെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്. ലൈസൻസ് റദ്ദാക്കുന്ന തീരുമാനം പഞ്ചായത്തുകമ്മറ്റി കൂടി എടുത്തതല്ലന്നും സെക്രട്ടറി സ്വന്തം നിലയ്ക്ക് നടപടി സ്വീകരിക്കുകയായിരുന്നെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

സ്ഥാപനം തമർ ഗ്രൂപ്പിലെ അഷറഫിന്റേതാണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എൻ ഐ എ അറസ്റ്റു ചെയ്ത ഇയാൾ റിമാന്റിലാണ്. മുമ്പ് ഈ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നതായുള്ള വിവരവും പ്രചരിക്കുന്നുണ്ട്.