കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സംബന്ധിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പരാമർശങ്ങളെച്ചൊല്ലി മുസ്ലിം ലീഗ് ഇനി യുഡിഎഫിൽ പ്രശ്‌നമുണ്ടാകില്ല. യുഡിഎഫ് യോഗത്തിൽ ഇക്കാര്യത്തെക്കുറിച്ചു ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സംസാരിച്ചെങ്കിലും സുധാകരനെ കുറ്റപ്പെടുത്തിയില്ല. സുധാകരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ലെന്നാണു കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതെന്നു യോഗശേഷം യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. 'അവർ ഫോണിൽ സംസാരിച്ചിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ല.'

കെ.സുധാകരന്റെ പരാമർശങ്ങൾ അടിക്കടി പാർട്ടിയെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കുന്നില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു ഹസന്റെ മറുപടി ഇങ്ങനെയായിരുന്നു: 'പലപ്പോഴും സുധാകരൻ പറയുന്നതല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആശയക്കുഴപ്പം ഉണ്ടായപ്പോൾ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. നാക്കുപിഴ സംഭവിച്ചപ്പോൾ അദ്ദേഹം അതു തുറന്നുപറഞ്ഞില്ലേ? നാക്കുപിഴ ആർക്കും സംഭവിക്കാമല്ലോ?'-ഹസന്റെ ഈ വാക്കുകളിലുമുള്ളത് പ്രശ്‌ന പരിഹാര സൂചനയാണ്.

യോഗത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഇ.ടി.മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, എൻ.കെ.പ്രേമചന്ദ്രൻ, തോമസ് ഉണ്ണിയാടൻ, ടി.യു.കുരുവിള, ഷിബു ബേബി ജോൺ, ഫ്രാൻസിസ് ജോർജ്, അനൂപ് ജേക്കബ്, പി.എം.എ.സലാം, സി.പി.ജോൺ, പി.സി.തോമസ്, ജി.ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു