കുമളി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ സിപിഎം ഏറ്റെടുക്കും. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അടയ്ക്കാനുള്ള 7,31,910 രൂപയുടെ വായ്പ ഏറ്റെടുക്കാനാണ് തീരുമാനം.

ബുധനാഴ്ച നാലിന് വണ്ടിപ്പെരിയാറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ബാങ്ക് അധികൃതർക്ക് ഈ തുക കൈമാറും. സിപിഎം ഏരിയ സെക്രട്ടറി എസ്. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിൽനിന്ന് അഞ്ച് ലക്ഷം രൂപയാണ് പെൺകുട്ടിയുടെ അച്ഛൻ വായ്പയെടുത്തത്. 2019ൽ ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പ എടുത്തത്.

മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനു വേണ്ടിയായിരുന്നു ഇത്. പിന്നീട് ആറു വയസുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശിക ഉൾപ്പെടെ തുക വർധിക്കുകയായിരുന്നു.