- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് എംവിഐ അബ്ദുൾ ജലീൽ കുടുങ്ങി
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി. ഫറോക്ക് സബ് ആർടി ഓഫീസിലെ എംവിഐ അബ്ദുൾ ജലീൽ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചാക്കിൽ നിന്നും പതിനായിരം രൂപ കണ്ടെടുത്തു. വിജിലൻസ് ഒരുക്കിയ കെണിയിലാണ് ജലീൽ കുടുങ്ങിയത്.
ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് നടപടി. പരിശോധനയ്ക്ക് എത്തിയപ്പോൾ കടയുടമ ഉണ്ടായിരുന്നില്ലെന്ന കാരണം പറഞ്ഞ്, ലോഗിൻ ഐഡി അബ്ദുൾ ജലീൽ ബ്ലോക്ക് ചെയ്തിരുന്നു. ഐഡി തിരികെ നൽകാൻ പതിനായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഈ കൈക്കൂലി പണം ചോദിക്കലാണ് വിനയായത്. കൈക്കൂലി വീരനാണ് ഇയാൾ. അതുകൊണ്ട് തന്നെ പരാതി കിട്ടിയപ്പോൾ വിജിലൻസും കരുതലെടുത്തു.
കൈക്കൂലി ചോദിച്ച വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. അവധി ദിവസമായതിനാൽ പണം വീട്ടിൽ കൊണ്ടു വന്നു നൽകാനായിരുന്നു നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ പണം, കടയുടമ അബ്ദുൾ ജലീലിന് വീട്ടിലെത്തി കൈമാറി. പരാതിക്കാരൻ പുറത്തിറങ്ങിയതിന് പിന്നാലെ വിജിലൻസ് സംഘം വീട്ടിനകത്തെത്തി എംവിഐയെ പിടികൂടുകയായിരുന്നു.
മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരെ കണ്ട് സംശയം തോന്നിയ അബ്ദുൾ ജലീൽ അതിനിടെ കൈക്കൂലി പണം വീട്ടിലെ അടുക്കളയിൽ ചാക്കിനകത്ത് ഒളിപ്പിച്ചിരുന്നു. ചാക്കിൽ നിന്നാണ് പണം കണ്ടെടുത്തത്. ജലീലിനെതിരെ മുമ്പും നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും, എന്നാൽ തെളിവില്ലാത്തതിനാൽ പിടികൂടാൻ കഴിഞ്ഞില്ലെന്നും വിജിലൻസ് സംഘം സൂചിപ്പിച്ചു.



