മൂന്നാർ: നവകേരള സദസ്സിനുള്ള ഫണ്ട് നൽകുന്നതിനെ എതിർത്തു കൊണ്ട് യുഡിഎഫ് ഭരണസമിതികൾ നേരത്തെ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കം നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഇതിനിനിടെ നവകേരള സദസിന് പണം നൽകാതെ സിപിഐ ഭരിക്കുന്ന പഞ്ചായത്തും. നവകേരള ഫണ്ടായി 50,000 രൂപ നൽകേണ്ടെന്ന് സിപിഐ ഭരിക്കുന്ന മൂന്നാർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

തുക നൽകുന്നതിനെ പഞ്ചായത്തിലെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തു. 19 അംഗ ഭരണസമിതിയിൽ 11 അംഗങ്ങളുടെ ഭൂരിപക്ഷം കോൺഗ്രസിനുണ്ടെങ്കിലും നാലുമാസം മുൻപ് നറുക്കെടുപ്പിലൂടെ സിപിഐക്കു പ്രസിഡന്റ് സ്ഥാനം ലഭിച്ചതാണ്. സിപിഐയിലെ ജ്യോതി സതീഷ് കുമാറാണ് പ്രസിഡന്റ്. എൽഡിഎഫ് അംഗങ്ങൾ പണം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് അംഗങ്ങൾ എതിർത്തു.

അതിനിടെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമം ലംഘിച്ചു നവകേരള സദസ്സ് നടത്തുന്നതു തടയണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ ഹർജി നൽകി. പുത്തൂരിൽ ഡിസംബർ 5 ലെ നവകേരള സദസ്സിന്റെ വേദിയായി സുവോളജിക്കൽ പാർക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

വനേതര ആവശ്യത്തിനായി വനഭൂമി ഉപയോഗിക്കുന്നു, സൂഅഥോറിറ്റി ഓഫ് ഇന്ത്യയുടെ കർശന നിർദ്ദേശം മറികടന്നു മൃഗശാലയ്ക്ക് അകത്തു പൊതുയോഗത്തിന് അനുമതി നൽകി, മൃഗങ്ങൾക്കു ശബ്ദ ശല്യമുണ്ടാക്കരുതെന്ന മൃഗശാലാ നിയമം ലംഘിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിലുള്ളത്.

പരിപാടി നടത്താൻ സൂ അഥോറിറ്റിയുടെയോ വൈൽഡ് ലൈഫ് വാർഡന്റെയും അനുമതിയില്ലെന്നും ഹർജിയിൽ പറയുന്നു. ഫ്രൻഡ് ഓഫ് സൂ എന്ന സംഘടനയും പരാതി നൽകിയിട്ടുണ്ട്. അതേസമയം, പരാതി ഉയർന്ന സാഹചര്യത്തിൽ ഇവിടത്തെ വേദി നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതായും സൂചനയുണ്ട്.