കൊച്ചി: 75ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് കൊച്ചി ദക്ഷിണ നാവിക സേന. ദക്ഷിണ നാവിക സേനാ ഫ്‌ളാഗ് ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് എ.വി എസ്.എം, വൈസ് അഡ്‌മിറൽ വി ശ്രീനിവാസ്, വെണ്ടുരുത്തിയിലെ ഐ.എൻ.എസിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് രാഷ്ട്രസേവനത്തിൽ ജീവൻ ബലിയർപ്പിച്ച ധീര സൈനികരെ ആദരിച്ചു. കമാൻഡർ-ഇൻ-ചീഫ്, കമാൻഡർ വിജയന്ത് റായിയുടെ നേതൃത്വത്തിൽ ആചാര പരേഡ് അവലോകനം ചെയ്തു. ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി തുറമുഖത്തെ കപ്പലുകൾ എല്ലാം ആചാരപരമായ പതാകകൾ ഉയർത്തി.

പരേഡിനെ അഭിസംബോധന ചെയ്തുകൊണ്ട്, കമാൻഡർ-ഇൻ-ചീഫ്, പരേഡിലെ ഉദ്യോഗസ്ഥരെയും നാവിക സേനാഗങ്ങളെയും അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി അംഗീകരിക്കാൻ മറ്റ് നിരവധി രാജ്യങ്ങളെ പ്രചോദിപ്പിച്ച രാജ്യത്തിന്റെ അതിശയകരമായ യാത്ര അദ്ദേഹം വിവരിച്ചു.

വിജയകരമായ ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ശക്തിയുടെ നെടുംതൂണാണ് നാനാത്വത്തിലെ ഏകത്വം. ഈ മേഖലയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യവും സമുദ്ര താൽപ്പര്യവും കടൽ വ്യാപാരവും സുരക്ഷിതമാക്കുന്നതിനും സംരക്ഷിക്കുന്നതിനും ഇന്ത്യൻ നാവികസേന വഹിക്കുന്ന നിർണായക പങ്കും അദ്ദേഹം പങ്കുവച്ചു.

ഇന്ത്യൻ നാവികസേനയുടെ 'മഹാ സാഗർ' എന്ന മുൻകൈയെക്കുറിച്ചും ഒരു ബയേഴ്‌സ് നേവിയിൽ നിന്ന് ബിൽഡേഴ്‌സ് നേവിയിലേക്കുള്ള പരിവർത്തനത്തിലേക്കുള്ള വീക്ഷണവും അദ്ദേഹം എടുത്തുപറഞ്ഞു. 2047-ഓടെ വീക്ഷിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് സജീവമായി സംഭാവന നൽകാനും പരിശീലനം, പ്രവർത്തനങ്ങൾ, മെയിന്റനൻസ് എന്നിവയിൽ മികവ് കൈവരിക്കാനും പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും വിജയം കൈവരിക്കുകയും ചെയ്യണമെന്ന് കമാൻഡർ-ഇൻ-ചീഫ് എല്ലാ ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചു.

മാലി ദ്വീപ്, ബംഗ്ലാദേശ്, കാമറൂൺ, മ്യാന്മാർ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ട്രെയിനിങ്ങിനായി എത്തിയ ഓഫീസർമാരും മറ്റും ചടങ്ങിൽ പങ്കെടുത്തു.