മലപ്പുറം: മലപ്പുറം താനൂരിൽ കടലിലൂടെ ഇനി 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ സാധിക്കും. സാഹസികടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി താനൂർ ഒട്ടുംപുറം തൂവൽതീരത്താണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനമാരംഭിച്ചത്. രാവിലെ 10 മുതൽ വൈകീട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്. സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാബോട്ടുകളും, ലൈഫ്ജാക്കറ്റുകളും കൂടാതെ ലൈഫ്ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഫൈബർ എച്ച്ഡി .പി .ഇ . വിദേശനിർമ്മിത പാലത്തിൽ ഇന്റർലോക്ക് കട്ടകളുടെ മാതൃകയിൽ ലോക്ക് ചെയ്ത് അടുക്കിവച്ചാണ് കടൽപരപ്പിന് മുകളിൽ യാത്ര ചെയ്യാനുള്ള പാലം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമ്മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും, ഏഴ് മീറ്റർ വീതിയിലുമാണ് ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമ്മിച്ചിട്ടുള്ളത്.

ചടങ്ങ് മന്ത്രി അഡ്വ.പി .എ .മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ഫ്ലോട്ടിംങ് ബ്രിഡ്ജ് ഒരുക്കിയത്. താനൂർ നഗരസഭ ചെയർമാൻ പി .പി . ഷംസുദ്ദീൻ സംസാരിച്ചു. ജില്ലാകലക്ടർ വി. ആർ .പ്രേംകുമാർ ഐ.എ.എസ് സ്വാഗതവും, അനിൽ തലപ്പള്ളി നന്ദിയും പറഞ്ഞു.

നഗരസഭ വൈസ് ചെയർപേഴ്സൺ സി. കെ .സുബൈദ, താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, നഗരസഭ കൗൺസിലർമാരായ കെ .പി . നിസാമുദ്ദീൻ, ഇ .കുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം വി. പി അനിൽ, ഡി.ടി.പി.സി. സെക്രട്ടറി പി. വിപിൻചന്ദ്ര, സമദ് താനാളൂർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.