തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുമെന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും.

കാസര്‍കോട് ജില്ലയിലെ അവധി അറിയിപ്പ്

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (31.07.24) ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്‌ക്കെല്ലാം അവധിയാണ്. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

പത്തനംതിട്ടയിലെ അവധി അറിയിപ്പ്

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (31.07.24) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കും അവധി ബാധകമാണ്.

ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.