- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിവില്‍ സര്‍വിസസ് പരിശീലന കേന്ദ്രത്തിലെ ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമീഷന്‍
ന്യൂഡല്‍ഹി: സിവില്‍ സര്‍വിസസ് പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറിയില്‍ മലിനജലം ഒഴുകിയെത്തി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമീഷന്‍. രണ്ടാഴ്ചക്കകം വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കമീഷന്‍ ഡല്‍ഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമീഷണര്‍ക്കും മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹി (എം.സി.ഡി) കമീഷണര്‍ക്കും നോട്ടീസയച്ചു.
പ്രദേശത്തെ മറ്റു സമാന പരിശീലന കേന്ദ്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരം സംബന്ധിച്ച് സര്‍വേ നടത്തണമെന്നും നിര്‍ദേശമുണ്ട്. ബുധനാഴ്ചയും രജീന്ദര്‍ നഗര്‍ മേഖലയില്‍ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. 100ലധികം പരിശീലനകേന്ദ്രങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, കാന തകരുന്നതിനുമുമ്പ് കോച്ചിങ് സെന്ററിന് മുന്നിലെ വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഡ്രൈവര്‍ മനൂജ് കഥൂരിയ ചൊവ്വാഴ്ച കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അശ്രദ്ധമായി വാഹനമോടിച്ചതാണ് ഓട തകര്‍ന്ന് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളമൊഴുകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തു. ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
കേസില്‍ ഇതുവരെ അറസ്റ്റിലായ ഏഴുപേര്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപവത്കരിച്ച അന്വേഷണ സമിതി 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.