താമരശ്ശേരി: താമരശ്ശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ റോഡില്‍ പത്ത് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിത്തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവില്‍ റോഡിന്റെ ഇടതുവശത്തോട് ചേര്‍ന്നാണ് നീളത്തില്‍ വിള്ളല്‍ പ്രകടമായത്.

കലുങ്കിനടിയിലൂടെ നീര്‍ച്ചാല്‍ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടത്. തുടര്‍ന്ന് റോഡ് ഇടിയുന്ന സാഹചര്യമൊഴിവാക്കാന്‍ പോലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. പിന്നീട് വലതുവശത്ത് കൂടി ഒറ്റവരിയായാണ് രാത്രി വാഹനങ്ങള്‍ കടത്തിവിട്ടത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായമെത്തിക്കുന്നതിനും ഗതാഗതത്തിനുമുള്ള പ്രധാനപാതയായതിനാല്‍ ചുരമിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ ചൊവ്വാഴ്ച രാത്രി എട്ടു മണി മുതല്‍ ചുരംകയറുന്ന ഭാരവാഹനങ്ങള്‍ക്കും വലിയ വാഹനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി. നേരത്തെ ഈങ്ങാപ്പുഴയില്‍ തമ്പടിച്ച ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ ലോഡ് കയറ്റി വന്ന ലോറികള്‍ അടിവാരത്ത് ഉള്‍പ്പെടെ നിലവില്‍ പിടിച്ചിട്ടിരിക്കുകയാണ്.