മൂന്നാര്‍: ഇടുക്കി കമ്പംമേട്ടില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരിയെയും കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. ഭാര്യാ മാതാവിനെയും ഭാര്യയുടെ ജേഷ്ഠത്തിയെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൂട്ടാര്‍ ഒറ്റമരം ഭാഗത്ത് മൈലാടിയില്‍ വീട്ടില്‍ കണ്ണന്‍ എന്നു വിളിക്കുന്ന സുജിനെയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി - നാല് ജഡ്ജി പി എന്‍ സീത ശിക്ഷിച്ചത്. കൂട്ടാര്‍ ചേലമൂട് പുത്തന്‍വീട്ടില്‍ ഓമന മകള്‍ ബീന എന്നിവരാണ് കൊല്ലപ്പെട്ടത്. ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവും അനുഭവിക്കണം.

ഓമനയുടെ മറ്റൊരു മകളായ വിനീതയുടെ ഭര്‍ത്താവാണ് കേസിലെ പ്രതിയായ കണ്ണന്‍. ഭര്‍ത്താവിനോട് പിണങ്ങി വീട്ടില്‍ നില്‍ക്കുകയായിരുന്ന വിനീതയെ തിരികെ കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പ്രോസീക്യൂട്ടര്‍ അഡ്വ വി എസ് അഭിലാഷ് ഹാജരായി.

2017 മാര്‍ച്ച് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുമായി പിണങ്ങി സ്വന്തം ഭാര്യയെ ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെ വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തുകയായിരുന്നു. വാക്കുതര്‍ക്കത്തിന് പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് ഓമനയുടെ കൈയ്യിലും നെഞ്ചിലും കുത്തി. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയ പ്രതി നെഞ്ചില്‍ കുത്തിവീഴ്ത്തി. പരിക്കേറ്റ ബീനയെയും ഓമനയെയും തൂക്കുപാലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടു.