- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭക്ഷണവും വെള്ളവും ഇല്ലാതെ മുണ്ടക്കൈയില്‍ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം; വിശപ്പടക്കിയത് കരിക്കു കുടിച്ച്
മേപ്പാടി: ഭക്ഷണവും വെള്ളവും ഇല്ലാതെ പട്ടിണിയായതോടെ കരിക്കു കുടിച്ചു പകല്‍മുഴുവന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു മുണ്ടക്കൈയിലെ നാട്ടുകാര്‍. പുലര്‍ച്ചെ മുതല്‍ മുണ്ടക്കൈയില്‍ എത്തി തിരച്ചില്‍ നടത്തുന്നവരാണു കുടിവെള്ളം പോലും ഇല്ലാതെ വലഞ്ഞത്. രാവിലെ എയര്‍ ലിഫ്റ്റിങ് നടത്താന്‍ ഹെലികോപ്റ്റര്‍ എത്തിയപ്പോള്‍ നല്കിയ റസ്കും വെള്ളവും മാത്രമാണ് ഇവര്‍ക്ക് ഭക്ഷണമായി ലഭിച്ചത്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ ഭൂരിഭാഗവും നാട്ടുകാരാണ്.
ചൂരല്‍മലയില്‍നിന്നു മുണ്ടക്കൈയിലേക്ക് പോകാനുള്ള പാലം നിര്‍മ്മാണം തുടരുകയാണ്. രാവിലെ വെള്ളം കുറഞ്ഞപ്പോള്‍ കമുകിന് തടി ഉപയോഗിച്ചുണ്ടാക്കിയ പാലത്തിലൂടെയാണ് അക്കരെ കടന്നത്. ഈ പാലത്തിലൂടെയാണ് അട്ടമലയില്‍ കുടുങ്ങിയ നാട്ടുകാരെ രക്ഷിച്ചതും.
എന്നാല്‍ ഉച്ചയായതോടെ മഴ പെയ്തു വെള്ളം കൂടിയതോടെ ഈ പാലം ഉപയോഗിക്കാനായില്ല. ബെയ്ലി പാലം നിര്‍മാണം പുരോഗമിക്കുന്നതേയുള്ളു. ചൂരല്‍ മലയില്‍ നിന്നും രണ്ട് കിലോമീറ്ററോളം നടന്നുവേണം മുണ്ടക്കൈ എത്താന്‍. ഇത്രയും ദൂരം ഭക്ഷണ സാധനങ്ങള്‍ ചുമന്ന് എത്തിക്കുന്നതിനും ബുദ്ധിമുട്ടാണ്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ദുരിതത്തിലായി.
ചൂരല്‍ മലയിലേക്കു പോകുന്ന വാഹനങ്ങള്‍ പൊലീസ് പല സ്ഥലങ്ങളിലായി തടയുകയാണ്. ദുരിതാശ്വാസ പ്രവര്ത്തനത്തിനെത്തിയവരെപ്പോലും കടത്തിവിട്ടില്ല എന്നും ആരോപണം ഉയര്‍ന്നു. മന്ത്രിമാരായ വി.എന്‍.വാസവന്, അബ്ദുറഹിമാന് എന്നിവരുമായി നാട്ടുകാര്‍ വാക്കേറ്റം നടത്തി. ഭക്ഷണ സാധനങ്ങള്‍ പോലും കടത്തിവിടാന്‍ പൊലീസ് വിസമ്മതിച്ചതാണു വാക്കേറ്റത്തില്‍ കലാശിച്ചത്. ചൂരല്‍മലയ്ക്ക് അടുത്തുള്ള പള്ളിയില്‍ ആവശ്യത്തിന് ഭക്ഷണം ഉണ്ടാക്കിയെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചു നല്കാന് പൊലീസ് സമ്മതിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.