തിരുവനന്തപുരം: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദക്ഷിണ മേഖല ഫയല്‍ അദാലത്ത് തിങ്കളാഴ്ച കൊല്ലം സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള 2023 ഡിസംബര്‍ 31 വരെ ലഭ്യമായതും തീര്‍പ്പാക്കാത്തതുമായ അപേക്ഷകളിന്മേലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതിനോടകം തന്നെ അദാലത്തിലേക്കുള്ള അപേക്ഷകള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭ്യമായിട്ടുണ്ട്.

സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആകെ 263 അപേക്ഷകളും കൊല്ലം ജില്ലയില്‍ ആകെ 253 അപേക്ഷകളും പത്തനംതിട്ട ജില്ലയില്‍ 161 അപേക്ഷകളും ആലപ്പുഴ ജില്ലയില്‍ 117 അപേക്ഷകളുമാണ് അദാലത്തിനായി ലഭ്യമായിട്ടുള്ളത്.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം മേഖലയില്‍ 132 അപേക്ഷകളും ചെങ്ങന്നൂര്‍ മേഖലയില്‍ 64 അപേക്ഷകളും ലഭ്യമായിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകള്‍ ഒഴികെയുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.