മൂവാറ്റുപുഴ: എംസി റോഡിൽ ഈസ്റ്റ് മാറാടിയിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ആറു പേർക്കു പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ആലുവ സംഗീത സഭ റോഡ് സുരഭി ലൈൻ രാം മന്ദിർ വേണുഗോപാലിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (72), തിരുവനന്തപുരം കേശവദാസപുരത്തുള്ള യമുന അപ്പാർട്‌മെന്റ് പിള്ളെ വീട് നഗർ പ്രണവം ഹരിഹര അയ്യരുടെ ഭാര്യ മീനാക്ഷി അമ്മാൾ (ഗീത-59) എന്നിവരാണു മരിച്ചത്. ഇവർ സഹോദരിമാരാണ്. ഇവരുടെ സഹോദരനായ കോട്ടയം പുലിയന്നൂർ മണലൂർ മഠം രാമനാഥൻ (48), രാമനാഥന്റെ ഭാര്യ ശാന്തി (38), മീനാക്ഷി അമ്മാളിന്റെ മകൻ മഹാദേവൻ (മനു 33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവർ മൂവാറ്റുപുഴ പാലത്തിങ്കൽ പി.എ. അൻസലിനും ലോറിയിൽ ഉണ്ടായിരുന്ന രണ്ട് അതിഥിത്തൊഴിലാളികൾക്കും പരുക്കുണ്ട്. കഴിഞ്ഞ ദിവസം ഇതേസ്ഥലത്തുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കോട്ടയം പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്ത ശേഷം ആലുവയിലേക്കു മടങ്ങുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അതിഥിത്തൊഴിലാളികളുമായി കൂത്താട്ടുകുളം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് ഇവരുടെ കാറുമായി കൂട്ടിയിടിച്ചത്.

തൃശൂർ 'കില'യിലെ ജീവനക്കാരനായ രാമനാഥനും ഭാര്യ ശാന്തിയും തൃശൂരിലേക്കു പോകാനും മനു മഹാദേവൻ ജോലി ചെയ്യുന്ന എറണാകുളത്തെ സ്ഥാപനത്തിലേക്കു പോകാനുമായി ഭാഗ്യലക്ഷ്മിക്കും മീനാക്ഷി അമ്മാളിനുമൊപ്പം കാറിൽ ആലുവയിലേക്കു വരികയായിരുന്നു. നാട്ടുകാരും മൂവാറ്റുപുഴയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മൂവാറ്റുപുഴ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഭാഗ്യലക്ഷ്മിയും മീനാക്ഷി അമ്മാളും മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റുള്ളവരെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. 2 മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

ഭാഗ്യലക്ഷ്മിയുടെ മക്കൾ: വീണ ജയറാം (ബെംഗളുരൂ), വിനോദ് (ബെംഗളുരു). മരുമക്കൾ: ജയറാം, ശുഭ. മീനാക്ഷി അമ്മാളിന്റെയും ഭാഗ്യലക്ഷ്മിയുടെയും സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ആലുവ യുസി കോളജിനു സമീപമുള്ള ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ നടക്കും.