- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികമായി സജ്ജീകരിച്ചത് രണ്ടു മണ്ഡപങ്ങൾ; ഒരേസമയം അഞ്ചു കല്യാണങ്ങൾ; ഉന്തും തള്ളുമില്ലാതെ ഗുരുവായൂർ അമ്പലനടയിൽ ഞായറാഴ്ച താലികെട്ടിയത് 236 വധൂവരന്മാർ
ഗുരുവായൂർ: ഗുരുവായൂർ അമ്പലനടയിൽ ഞായറാഴ്ച നടന്നത് 236 വിവാഹങ്ങൾ. അധികമായി രണ്ടു മണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചതോടെ ഒരേസമയം അഞ്ചു കല്യാണങ്ങൾ നടന്നു. പതിവിന് വിപരീതമായി ഉന്തും തള്ളുമില്ലാതെ സമാധാനമായി താലികെട്ടുവാൻ വധൂവരന്മാർക്കായി. ജനത്തിരക്കിൽ ക്ഷേത്രസന്നിധി വീർപ്പുമുട്ടാതെ വേണ്ട സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. വധൂവരന്മാർ തിരക്കിൽപ്പെടാതെ സമാധാനമായി ചടങ്ങ് പൂർത്തിയാക്കാനായി.
ഗുരുവായൂർ ദേവസ്വം പുതുതായി ഏർപ്പെടുത്തിയ സജ്ജീകരണങ്ങളാണ് തിരക്കൊഴിവാക്കിയത്. താലികെട്ടിന് മുമ്പായി വധൂവരന്മാർക്കും ബന്ധുക്കൾക്കും തെക്കേ നടയിലെ വിശാലമായ പന്തലിൽ ഇരിപ്പിടമൊരുക്കിയിരുന്നു. രേഖകൾ ഒത്തുനോക്കാനുള്ള കൗണ്ടറും അവിടെത്തന്നെയായിരുന്നു. അതിനുശേഷം ക്രമനമ്പർ പ്രകാരം വധൂവരന്മാരും ബന്ധുക്കളും ഉൾപ്പെടെ 20 പേരെ ദേവസ്വം സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്ന് മണ്ഡപത്തിലെത്തിച്ചു. ഇതിനായി തെക്കേ നടപ്പന്തലിൽനിന്ന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനുള്ളിലൂടെ പ്രത്യേക വഴിയുമൊരുക്കി. മറ്റാർക്കും ഇതുവഴി പ്രവേശനമുണ്ടായില്ല. തൊഴാനുള്ളവരുടെ വരികൾ വടക്കേ നടയിലേക്ക് മാറ്റി.
വധൂവരന്മാരുടെ മറ്റ് ബന്ധുക്കൾക്ക് താലികെട്ട് കാണാൻ മണ്ഡപങ്ങൾക്കു കുറച്ചകലെ സൗകര്യമൊരുക്കിയിരുന്നു. പുതിയ സജ്ജീകരണങ്ങൾ കല്യാണ സംഘങ്ങൾക്കും സൗകര്യപ്രദമായി. വിമർശനങ്ങളും പ്രതിഷേധങ്ങളുമുണ്ടായില്ല. ശനിയാഴ്ച രാത്രി പ്രത്യേകമായി ട്രയൽ നടത്തിയതും സജ്ജീകരണങ്ങൾ പിഴവില്ലാതെയാക്കാൻ സഹായിച്ചു. ആദ്യമായാണ് ഗുരുവായൂരിൽ തിരക്ക് നിയന്ത്രിക്കാൻ ഇങ്ങനെ സംവിധാനമൊരുക്കുന്നത്. സാധാരണ നൂറ് കല്യാണം നടന്നാൽ പോലും ക്ഷേത്രനടയിലെ തിരക്ക് നിയന്ത്രണാതീതമാകാറുണ്ട്.
ഞായറാഴ്ച സജ്ജീകരണങ്ങൾ നേരിട്ടു വീക്ഷിക്കാൻ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്‌മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ രാവിലെ മുതലേ ഉണ്ടായി. ടെമ്പിൾ സിഐ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ ക്ഷേത്രനടയിൽ മാത്രം 50 പൊലീസുകാർ അധികമുണ്ടായി. ഇന്നർ, ഔട്ടർ റിങ് റോഡുകളിലെ വാഹനനിയന്ത്രണത്തിനും പാർക്കിങ് കേന്ദ്രങ്ങളിലുമായി 50 പൊലീസുകാർ വേറെയും. പുതിയ മൾട്ടിലെവൽ പാർക്കിങ് കേന്ദ്രത്തിലെ താഴെ ഭാഗം, ഗുരുവായൂർ ടൗൺഹാളിനു മുൻവശം, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ട് ഉൾപ്പെടെ പാർക്കിങ് കേന്ദ്രങ്ങളും വിപുലപ്പെടുത്തിയപ്പോൾ ഗതാഗതക്കുരുക്ക് നഗരത്തെ ബാധിച്ചില്ല.
ഗുരുവായൂർ നഗരസഭാ ഓഫീസിൽ വിവാഹരജിസ്ട്രേഷനുള്ള സൗകര്യവും വിപുലപ്പെടുത്തിയിരുന്നു. കല്യാണമാസമായ ചിങ്ങത്തിലെ ഏറ്റവും കൂടുതൽ മുഹൂർത്തമുള്ള ദിവസമായിരുന്നു ഞായറാഴ്ച. ശനിയാഴ്ച രാത്രി വരെ 248 കല്യാണങ്ങളായിരുന്നു ശീട്ടാക്കിയിരുന്നത്. ഞായറാഴ്ച 12 എണ്ണം റദ്ദായി. രണ്ടു വർഷത്തിനുശേഷം ആദ്യമായാണ് ഇത്രയധികം കല്യാണങ്ങൾ നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ