കണ്ണൂർ: കണിച്ചാർ - കേളകം മേഖലകളിൽ ഉണ്ടായ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും ദുരിതമനുഭവിക്കുന്നവർക്ക് ജീവിത സാഹചര്യം ഉറപ്പാക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നും ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗം ഒറ്റക്കെട്ടായി പാസ്സാക്കിയ പ്രമേയം സർക്കാരിലേക്കയക്കും.

നിലവിൽ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയാകുന്നവർക്ക് നൽകുന്ന നഷ്ട പരിഹാര തുക കൊണ്ട് ശുചീകരണം പോലും നടത്താൻ തികയില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടികാട്ടി. സമാനതകളില്ലാത്ത ദുരന്തമാണ് കനത്ത മഴയിൽ സംഭവിച്ചത്. നിലവിൽ ലഭ്യമായ കണക്ക് പ്രകാരം 38 വീടുകളാണ് തകർന്നതെന്ന് തഹസിൽദാർ യോഗത്തിൽ വ്യക്തമാക്കി. 105 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഇവരൊക്കെ വീടുകളിലേക്ക് തിരികെ പോയിട്ടുണ്ട്.

കേളകം പഞ്ചായത്തിലെ ശാന്തിഗിരി - കൈലാസം പടിയിലെ ഭൂമി വിള്ളൽ പ്രതിഭാസത്തെ കുറിച്ച് ദുരന്തനിവാരണ വിഭാഗം പരിശോധന നടത്തി 7 കുടുംബങ്ങളെ അടിയന്തിരമായി മാറ്റി പാർപ്പിക്കാനും ധനസഹായം നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.40 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്നായിരുന്നു റവന്യു വകുപ്പ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നത്. കൂടുതൽ പഠനങ്ങൾക്കായി പാലക്കാട് ഐഐടിയിൽ നിന്നുള്ള സംഘം ഈയാഴ്‌ച്ച എത്തും.

ഇതു വരെയുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കഴിഞ്ഞ മാസം 27 വരെയുള്ള അപേക്ഷകകളിൽ നഷ്ടപരിഹാര തുക കൊടുത്തതായി തഹസിൽദാർ അറിയിച്ചു. ആറളം ഫാമിൽ 3 മന്ത്രിമാരും 2 എം എൽ എമാരും പങ്കെടുത്ത യോഗത്തിലും താലൂക്ക് വികസന സമിതി യോഗത്തിലും ആവർത്തിച്ച് ആവശ്യപ്പെട്ട ആനമതിൽ തള്ളി നിലവിലെ പൊട്ടിപൊളിഞ്ഞ മതിൽ ആദിവാസികളുടെ സഹകരണത്തോടെ അറ്റകുറ്റപണി നടത്താനുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നീക്കത്തിൽ സർക്കാറിനെ അതൃപ്തി അറിയിക്കും.

ഇരിട്ടി പുതിയ പാലത്തിന് സമീപത്തെ ഓട്ടോമാറ്റിക്ക് ട്രാഫിക് സിഗ്‌നൽ സിസ്റ്റം പ്രവർത്തനക്ഷമമാക്കണമെന്ന് കെ. മുഹമ്മദലി ആവശ്യപ്പെട്ടു. ആറളം പഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന മാഞ്ചോട് പാലത്തിന് ബജറ്റിൽ 2 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും പരിശോധന റിപ്പോർട്ടിനായി കാലതാമസം നേരിടുകയാണെന്നും നിർമ്മാണം വേഗത്തിലാക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് പായം ബാബുരാജ് ആവശ്യപ്പെട്ടു.