- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന; യുവാവും യുവതിയും പിടിയിൽ; 6.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു; പൊലീസ് സംശയിക്കാതിരിക്കാൻ കച്ചവടം നടത്തിയിരുന്നത് 22 കാരിയെ ഉപയോഗിച്ച്
തൊടുപുഴ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവും യുവതിയും പൊലീസിന്റെ പിടിയിലായി. തൊടുപുഴ പെരുമ്പള്ളിച്ചിറ പഴേരി വീട്ടിൽ യുനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
ഇവരിൽ നിന്നും 6.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്ഫടിക കുഴൽ, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ എം.ഡി.എം.എ വിതരണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി തൊടുപുഴ മേഖലയിലെ പല ലോഡ്ജുകളിലും ഇവർ മുറിയെടുത്ത് താമസിച്ചിരുന്നു.
യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജിൽ എത്തിയിരുന്നു. പൊലീസ് സംശയിക്കാതിരിക്കാൻ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വിൽപ്പന നടത്തുകയായിരുന്നു പതിവ്. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഇവർ പ്രധാനമായും ലഹരി മരുന്ന് വിതരണം ചെയ്തത്. ഏതാണ്ട് അഞ്ചുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
എം.ഡി.എം.എ വിൽപ്പനക്കായി ഇരുവരും ഇന്ന് ഉച്ചക്ക് മുറിയെടുത്തതായി ഡിവൈ.എസ്‌പി മധു ബാബുവിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ വി സി. വിഷ്ണു കുമാർ, എസ്‌ഐമാരായ കൃഷ്ണൻ നായർ, എഎസ്ഐ റ്റി.എം. ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ മാഹിൻ, സിനാജ്, വിഷ്ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ലേഖകന്.