കണ്ണൂർ: സ്ഥിരമായി മാഹി മദ്യം ശേഖരിച്ച് വില്പന നടത്തുന്നയാൾ അറസ്റ്റിലായി. വൻതോതിൽ മാഹി മദ്യവുമായി എരുവേശി സ്വദേശിയായ കെ എൻ ബിനു (43) നെ ശ്രീകണ്ഠാപുരം എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊല്ലൻ ബിനു എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
ശ്രീകണ്ഠാപുരം റേഞ്ച് ഇൻസ്‌പെക്ടർ കെ അരുൺകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇയാളെ പിടികൂടിയത്.

ദിവസങ്ങളായി കണ്ണൂർ ജില്ലയിൽ നടന്നുവരുന്ന ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞദിവസം പയ്യാവൂർ ഭാഗത്ത് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബിനുവിനെ എക്‌സൈസ് 10 ലിറ്റർ മാഹി മദ്യവുമായി പിടികൂടിയത്. ഇയാൾ സ്ഥിരമായി മദ്യം ശേഖരിക്കുന്ന വ്യക്തിയാണ് എന്ന് എക്‌സൈസിന് സൂചന ലഭിച്ചിരുന്നു.

എക്‌സൈസ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങളായി ബിനു എക്‌സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. മാഹിയിൽ ചെന്ന് വൻതോതിൽ മദ്യം വാങ്ങിയ ശേഷം നാട്ടിലെത്തി ആളുകൾക്ക് അധിക തുകയിൽ വിൽക്കുകയായിരുന്നു ഇയാളുടെ രീതി. പ്രിവന്റി ഓഫീസർ ടി കെ വിനോദൻ, ഗ്രേഡ് പ്രിവന്റി ഓഫീസർ പി വി പ്രകാശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം ഗോവിന്ദൻ, പി ഷിബു, മല്ലിക പി കെ, ശ്രീജ എസ് കുമാർ എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.