കോഴിക്കോട്: മലബാറിലെ ക്ഷീര കർഷകർക്ക് ഓണ സമ്മാനമായി മിൽമയുടെ നാലരക്കോടി രൂപ. അധിക പാൽവിലയായാണ് ഈ തുക നൽകുക. കോഴിക്കോട്ടു ചേർന്ന മലബാർ മിൽമ ഭരണസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 2022 സെപ്റ്റംബർ ഒന്നു മുതൽ 10 വരെ മലബാർ മേഖലാ യൂണിയന് പാൽ നൽകുന്ന എല്ലാ ക്ഷീര സംഘങ്ങൾക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 2രൂപ 50 പൈസ വീതം അധിക വിലയായി നൽകും. ഒപ്പം 2022 ഓഗസ്റ്റ് 11 മുതൽ 31 വരെ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾ വഴി മിൽമയ്ക്ക് ലഭിച്ച നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതവും അധിക വിലയായി നൽകും. ഇതനുസരിച്ച് 210 ലക്ഷം ലിറ്റർ പാലിന് അധിക വിലയായി 450 ലക്ഷം രൂപയാണ് മിൽമ നൽകുന്നത്. ഈ തുക മലബാറിലെ ആറു ജില്ലകളിലെ ക്ഷീര കർഷകരിലേക്ക് വരും ദിവസങ്ങളിൽ വന്നു ചേരും.

ഓഗസ്റ്റ് 11 മുതൽ 31വരെ ഡെയറിയിൽ ലഭിച്ച പാലിന് ലിറ്ററിന് രണ്ടു രൂപ വീതം അധിക വില കണക്കാക്കി മൊത്തം തുക ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും. ഓഗസ്റ്റ് 21 മുതൽ 31 വരെ നൽകിയ പാലിന്റെ വിലയോടൊപ്പമായിരിക്കും പ്രഖ്യാപിച്ച അധിക തുക നൽകുക. ഓണത്തിനു മുമ്പായി ക്ഷീര സംഘങ്ങൾ ക്ഷീര കർഷകർക്ക് തുക കൈമാറണം.

അധിക വില കൂടി കണക്കാക്കുമ്പോൾ ഓഗസ്റ്റ് മാസത്തിൽ മിൽമ ക്ഷീര സംഘങ്ങൾക്ക് ഒരു ലിറ്റർ പാലിന് നൽകുന്ന ശരാശരി വില 41 രൂപ 22 പൈസയാകും. പാലിന്റെ വിൽപ്പന വില വർദ്ധിപ്പിക്കാതെയാണ് ഇത്തരം ക്ഷീര കർഷക ക്ഷേമ പ്രവർത്തനങ്ങൾ മിൽമ നടപ്പാക്കുന്നതെന്നും ഇത് ക്ഷീര കർഷക പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേട്ടമാണെന്നും മിൽമ ചെയർമാൻ കെ എസ് മണി മാനെജിങ് ഡയറക്ടർ ഡോ. പി. മുരളിഎന്നിവർ പറഞ്ഞു.