- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട ; 61 കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
കണ്ണൂർ: ടൗൺ പരിധിയായ എളയാവൂരിൽ വെച്ച് 61 കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ ഉളിക്കൽ സ്വദേശിയായ റോയ് ജോൺ (34) ആണ് പൊലീസ് പിടിയിലായത്. മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിഭവത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസ് എളിയാവൂരിൽ എത്തിയത്.
ഓണം സീസൺ കണക്കിലെടുത്ത് വിൽപ്പന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവ്. എളയാവൂരിനടുത്ത് എടചൊവ്വയിൽ വീട്ടിൽ നടന്ന റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നാണ് ഈ കാഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. പൊലീസ് വന്നത് അറിഞ്ഞ് വീട്ടുടമയായ ഷാഖിൽ എന്ന വ്യക്തി ഓടി രക്ഷപ്പെട്ടു. ഈ കേസിലെ മുഖ്യപ്രതിയാണ് ഓടിരക്ഷപ്പെട്ട ഷാഖിൽ. ഈ വീട് സ്ഥിരമായി കഞ്ചാവ് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വീടാണ് ഇന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വീടിന്റെ മുൻവശത്ത് നിന്നിരുന്ന ഷാഖിൽ പൊലീസ് വന്ന് ഉടനെ പിൻവശത്തെ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വീടിനു മുകളിൽ വച്ച് ഓരോ പേക്കറ്റുകളിലേക്ക് കഞ്ചാവും മാറ്റുന്നതിനിടെയാണ് റോയ് പൊലീസ് പിടിയിലായത്. ഇയാൾ വീടിനു മുകളിൽ ആയതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. കണ്ണൂർ ടൗണിലെ ഓട്ടോഡ്രൈവറാണ് പൊലീസ് പിടിയിലായ റോയ്.
ഇയാൾ മൂന്ന് ഓട്ടോ മാറിമാറി ഉപയോഗിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നിലുള്ള കാരണം പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ഈ ഓട്ടം മാറിമാറി ഉപയോഗിക്കാൻ ഇയാൾക്ക് എവിടെ നിന്നാണ് പണം എന്നുള്ള സംശയം പൊലീസിന് ആദ്യമേ ഉണ്ടായിരുന്നു. ഇയാൾ ഓട്ടോയിൽ ഇവിടെ നിന്നും ചെറു പാക്കറ്റുകളിലായി കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്തത് എന്നാണ് പൊലീസ് നിഗമനം.
അറസ്റ്റിലായ റോയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഷാഖിൽ ആണ് എല്ലാ കാര്യങ്ങളും ഡീൽ ചെയ്യുന്നത് എന്നും റോയ് ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുക മാത്രമാണ് ചെയ്തിരുന്നത് എന്നുമാണ്. ആന്ധ്രയിൽ നിന്നും ഇത്രയും അധികം കഞ്ചാവ് എങ്ങനെ എത്തിച്ചു എന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ് എന്നും പൊലീസ് അന്വേഷിക്കും.
50000 രൂപയും ഇവിടെ നിന്നും പിടിച്ചെടുത്തു. ഇത് കഞ്ചാവ് വിറ്റു ലഭിച്ച കാശാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ, എസ് ഐ മഹിജൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ഓടി രക്ഷപ്പെട്ട ഷാഖിലിനെ പിടികൂടാനുള്ള നീക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു എന്ന് ഇൻസ്‌പെക്ടർ ബിനു മോഹൻ പറഞ്ഞു.
-അതിർത്തിയിൽ നിന്നും പച്ചക്കറിയും മറ്റ് സാധനങ്ങളും കടത്തി വരുന്ന ലോറിയിലാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത് എന്നുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണം ആയതിനാൽ ഇത്തരത്തിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് എത്തുമെന്ന് പൊലീസിനെ രഹസ്യവിവരം ലഭിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിലും മറ്റു നിരത്തുകളിലും പട്രോളിങ് പൊലീസ് ശക്തമാക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്