- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരക്കാരുടെ ഭൂരിപക്ഷം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു; വിഴിഞ്ഞം തുറമുഖ സമരത്തിൽ നിന്ന് പിന്മാറണം; മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമര രംഗത്ത് ഇറക്കുകയായിരുന്നു എന്നും മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഇനിയും തീർപ്പാകാതെ പോകുന്നത് സർക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമായേ കാണാനാകൂ എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ളവർ ഉന്നയിച്ച ആവശ്യങ്ങളിൽ ബഹുഭൂരിപക്ഷവും സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണം. യഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമര രംഗത്ത് ഇറക്കുകയായിരുന്നു.
പുനരധിവാസത്തിന് മുട്ടത്തറയിൽ എട്ടേക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പുകളിലുള്ളവർക്ക് വീട് ആകുന്നതുവരെ 5,500/ രൂപ പ്രതിമാസ വാടക, വീട് വയ്ക്കുന്നവർക്ക് സ്ഥലത്തിനും വീടിനുമായി 10,00,000/ രൂപ. മത്സ്യത്തൊഴിലാളികൾക്ക് ബോട്ട് ലാന്റിങ് സ്റ്റേഷൻ, സബ്സിഡി നിരക്കിൽ ഇന്ധനത്തിന് ഊർജ്ജ പാർക്ക് തുടങ്ങിയവ ഉൾപ്പെട്ട പുനരധിവാസ പാക്കേജാണ് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്.
സമരം ഒത്തുതീർപ്പാക്കാൻ മന്ത്രതല സമിതി രണ്ട് തവണ ലത്തീൻ അതിരൂപത പ്രതിനിധികളടക്കമുള്ളവരായി ചർച്ച നടത്തിയിരുന്നു. ഒരു തവണ നിശ്ചയിച്ചുറപ്പിച്ച ചർച്ചയിൽ അവർ പങ്കെടുക്കുകയും ചെയ്തില്ല. ഇതിനിടെ അതിരൂപതാ പ്രതിനിധികളിൽ നിന്ന് മുഖ്യമന്ത്രിയ്ക്കെതിരെ മോശം പരാമർശവുമുണ്ടായി.
ഇക്കാര്യത്തിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തുറമുഖ നിർമ്മാണം നിർത്തി വെയ്ക്കേണ്ട ഒരു സാഹചര്യവും ഇല്ലായെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിപ്രായപ്പെടുകയുണ്ടായി. വിഴിഞ്ഞം തുറമുഖം എത്രയും പെട്ടെന്ന് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട ലത്തീൻ അതിരൂപതാ പ്രതിനിധികൾ തന്നെയാണ് ഇപ്പോൾ സമരരംഗത്തുള്ളത്.
രാജ്യാന്തര നിലവാരമുള്ള വികസന പ്രവർത്തനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇത് നടപ്പാക്കരുത് എന്ന ഗൂഢാലോചന കൂടി സമരവുമായി ബന്ധപ്പെട്ടുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ