- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈറസ് മിസ്ത്രിക്ക് മുംബൈ നഗരം വിട നൽകി; അന്ത്യോപചാരമർപ്പിച്ച് അംബാനി അടക്കം പ്രമുഖ വ്യവസായകിൾ
മുംബൈ: അപകടത്തിൽ മരിച്ച ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിക്ക് മുംബൈ നഗരം വിടചൊല്ലി. വ്യവസായികളും രാഷ്ട്രീയ നേതാക്കളും പാഴ്സി സമുദായാംഗങ്ങളുമടക്കം ഒട്ടേറെപ്പേർ സൈറസ് മിസ്ത്രിക്ക് വിടയേകാൻ മുംബൈ വർളിയിലെ വൈദ്യുതി ശ്മശാനത്തിൽ എത്തി. പ്രത്യേക പന്തലിൽ പൊതുദർശനത്തിനും പാഴ്സി പുരോഹിതരുടെ നേതൃത്വത്തിൽ അന്തിമ ചടങ്ങുകൾക്കും ശേഷമായിരുന്നു സംസ്കാരം. പരമ്പരാഗത പാഴ്സി രീതി ഒഴിവാക്കി വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്ക്കാരം. ടവർ ഓഫ് സൈലൻസ് എന്ന കിണറിനു സമാനമായ സ്ഥലത്ത് ഇറക്കിവയ്ക്കുന്ന മൃതദേഹം കഴുകന്മാർ ഭക്ഷിക്കുന്ന പരമ്പരാഗത രീതിയാണ് പാഴ്സികളുടേത്. എന്നാൽ അതൊഴിവാക്കി മൃതദേഹം വൈദ്യുതി ശ്മശാനത്തിലേക്ക് കൊണ്ടു പോകുക ആയിരുന്നു.
സൈറസിന്റെ മൂത്ത സഹോദരൻ ഷപൂർ മിസ്ത്രി, സൈറസിന്റെ ഭാര്യ റോഹിക ഛഗ്ലയുടെ പിതാവും മുതിർന്ന അഭിഭാഷകനുമായ ഇക്ബാൽ ഛഗ്ല, വ്യവസായികളായ അനിൽ അംബാനി, അജിത് ഗുലാബ്ചന്ദ്, മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി, എച്ച്ഡിഎഫ്സി ചെയർമാൻ ദീപക് പരേഖ്, സൈറസിന്റെ അടുത്ത സുഹൃത്ത് എൻസിപി എംപി സുപ്രിയ സുളെ, ടിസിഎസ് മുൻ മേധാവി എസ്. രാമദൊരെ, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്റ എന്നിവർ ചടങ്ങുകൾക്കെത്തി. രത്തൻ ടാറ്റയുടെ പിതാവിന്റെ രണ്ടാം ഭാര്യ സിമോൺ ടാറ്റ (92) വീൽചെയറിൽ എത്തി അന്ത്യോപചാരമേകി. മിസ്ത്രിയുമായി നിയമപോരാട്ടം നടത്തിയ ടാറ്റാ ഗ്രൂപ്പിൽ നിന്ന് മറ്റു പ്രമുഖർ ആരും പങ്കെടുത്തില്ല.
മിസ്ത്രിക്കൊപ്പം അപകടത്തിൽ മരിച്ച സുഹൃത്തും വ്യവസായിയുമായ ജഹാംഗീർ പണ്ഡോളെയുടെ മൃതദേഹം വൈകിട്ടു സംസ്കരിച്ചു. ഇദ്ദേഹത്തിന്റെ സഹോദരൻ ഡാരിയസ് പണ്ഡോളെയും ഭാര്യ ഡോ. അനാഹിതയും ഐസിയുവിൽ തുടരുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് 4 പേരും കാറിൽ മുംബൈയിലേക്കു യാത്ര ചെയ്യവേ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.