മലപ്പുറം: മലപ്പുറം ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം ലഭിച്ചു. ഉപ്പട കോട്ടക്കുന്ന് കേളമ്പാടി അനീഷിന്റെ മകൻ മുഹമ്മദ് റാഷിദിന്റെ മൃതദേഹമാണ് ചാലിയാർ പുഴയുടെ ചാത്തമുണ്ട ചീത്ത്കല്ല് ഭാഗത്തു നിന്നും, ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത്. മൃതദേഹം പുഴയിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരനാണ് തിരച്ചിൽ സംഘങ്ങളെ വിവരമറിയിച്ചത്. അഗ്നിശമന സേന, ഇ ആർ.എഫ് ടീം, എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിലുള്ള ഭഗത് സിങ് യൂത്ത് ഫോഴ്സ്, നാട്ടുകാർ എന്നിവരാണ് തിരച്ചലിന് നേതൃത്വം നൽകിയത്.

മലപ്പുറം ജില്ലയിൽ തുടരുന്ന ശക്തമായ മഴ കടുത്ത ദുരിതമാണ് വരുത്തി വയ്്ക്കുന്നത്. മലപ്പുറം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും തുടർന്നുള്ള ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. തീരപ്രദേശങ്ങളിലെയും മലയോരമേഖലയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റെഡ്/ഓറഞ്ച് അലർട്ട് ഉള്ള ദിവസങ്ങളിൽ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.

തീരദേശ മേഖലയിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലയിൽ താമസമിക്കുന്നവർ ജാഗ്രതപാലിക്കണം. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജില്ലയിൽ ക്വാറിയിങ് അടക്കമുള്ള ഖനന പ്രവർത്തനങ്ങൾ റെഡ്/ ഓറഞ്ച് അലർട്ട് ഉള്ള ദിവസങ്ങളിൽ അനുവദിക്കില്ല. ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിൽ നിന്നും ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും.
ഓണം അവധിയായതിനാൽ ഏത് സമയത്തും ലഭ്യമാകുന്ന തരത്തിൽ ഉണ്ടാകേണ്ടതാണെന്നും അടിയന്തിര ഘട്ടങ്ങളിൽ ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്നും വിവിധ വകുപ്പ് ജില്ലാ തലവന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ആശുപത്രികൾ, സി.എച്ച്.സി, പി.എച്ച്.സി എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനും മെഡിക്കൽ സംഘത്തെ സജ്ജമാക്കുന്നതിനും ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണത്തിനുള്ള വില്ലേജ്തല കമ്മിറ്റികളോട് ജാഗ്രതപാലിക്കാനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.