കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്കു കടലിൽവച്ചു വെടിയേറ്റ സംഭവത്തിൽ അന്വേഷണം തുടങ്ങി. മീൻപിടിത്തം കഴിഞ്ഞു മടങ്ങുകയായിരുന്ന ചെല്ലാനം അഴീക്കൽ സ്വദേശി സെബാസ്റ്റ്യന്റെ(72) ചെവിയിലാണ് വെടിയുണ്ട കൊണ്ടത്. ഗുരുതരമായ പരുക്കില്ലെങ്കിലും ഒപ്പമുണ്ടായിരുന്നവർ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ടിൽനിന്നു വെടിയുണ്ട കണ്ടെടുത്തു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

ഫോർട്ട്‌കൊച്ചിയിൽ കടലിൽവെച്ച് വെടിയേറ്റ സെബാസ്റ്റ്യൻ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ദൃക്‌സാക്ഷി മൈക്കിൾ പറയുന്നു. ബോട്ടിന്റെ മധ്യഭാഗത്തായിരുന്നു സെബാസ്റ്റ്യൻ നിന്നിരുന്നത്. വെടിയുണ്ട ചെവിയിൽ കൊണ്ട് സെബാസ്റ്റ്യൻ മറിഞ്ഞു വീണു. ചെവി മുറിഞ്ഞു. അഞ്ച് തുന്നലിട്ടു.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിക്ക് കടലിൽവെച്ച് വെടിയേറ്റത്. നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ പരിസരത്തു ബോട്ട് എത്തിയപ്പോഴാണ് സെബാസ്റ്റ്യന്റെ ചെവിയുടെ താഴെയായി എന്തോ വന്നു പതിക്കുന്നതും ചോര ചീറ്റുന്നതും. പരിശോധനയിൽ വെടിയുണ്ട കിട്ടിയതോടെ വെടിയേറ്റതാണെന്നു വ്യക്തമായി. തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അതേസമയം, വെടിവെച്ചത് തങ്ങളല്ലെന്ന് നാവികസേന വ്യക്തമാക്കി. നാവികസേന ഉപയോഗിക്കുന്ന ബുള്ളറ്റല്ല ചിത്രത്തിലുള്ളത്. പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഫയറിങ് പ്രാക്ടീസ് നടത്തുന്ന ബുള്ളറ്റല്ല ഇതെന്നും പരിശോധിച്ച ശേഷം നേവി ഉദ്യോഗസ്ഥർ വിശദീകരിച്ചു. കടലിൽ നിന്ന് ഒന്നരക്കിലോമീറ്റർ അകലെവച്ചാണ് വെടിയേറ്റത്. ഈ സമയം, 32ഓളം പേർ ബോട്ടിൽ ഉണ്ടായിരുന്നു.

നേവി ഉദ്യോഗസ്ഥർ ഫയറിങ് പരിശീലനം നൽകുമ്പോൾ ലക്ഷ്യം തെറ്റി പതിച്ചതാണോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വെടിയുണ്ടയുടെ അവശിഷ്ടമല്ല ലഭിച്ചിട്ടുള്ളതെന്നു പരിശോധനയിൽ വ്യക്തമായതായി ഡിഫൻസ് പിആർഒ അതുൽ പിള്ള പ്രതികരിച്ചു. ഹണ്ടിങ്ങിനും മറ്റും ഉപയോഗിക്കുന്ന തോക്കിന്റെതാണ് വെടിയുണ്ടയുടെ അവശിഷ്ടം എന്നാണ് പൊലീസിൽനിന്നു ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലത്ത് മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും മുന്നറിയിപ്പു ലഭിച്ചിരുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ വ്യക്തത വരുത്താൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു.