മൂവാറ്റുപുഴ: ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സെൻട്രൽ സോൺ കമ്മീഷണർ സ്‌ക്വാഡ് മൂവാറ്റുപുഴയിൽ നടത്തിയ റെയ്ഡിൽ എൺപത് കിലോയോളം കഞ്ചാവുമായി നാലു പേർ പിടിയിൽ. സെൻട്രൽ സോൺ കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.ജുനൈദിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ കലൂർ ഭാഗത്ത് വാഹന പരിശോധന നടത്തി വരവേയാണ് ആന്ധ്ര പ്രദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടു വന്ന 79.2കിലോ കഞ്ചാവുമായി നാഷണൽ പെർമിറ്റ് ലോറിയും പിടികൂടിയത്.

തൊടുപുഴ താലൂക്കിൽ, വണ്ണപ്പുറം വില്ലേജിൽ, കാളിയാർ കര ദേശത്ത് മലയിൽ മുണ്ടയിൽ വീട്ടിൽ കുമാരൻ മകൻ തങ്കപ്പൻ, തൊടുപുഴ താലൂക്കിൽ, വണ്ണപ്പുറം വില്ലേജിൽ, കുളിയാർക്കരദേശത്ത്, മലയിൽ മുണ്ടയിൽ വീട്ടിൽ തങ്കപ്പൻ മകൻ അരുൺ തങ്കൻ, തൊടുപുഴ, കോടുകുളം, പടിഞ്ഞാറെ കോടുകുളം അമ്പാട്ട് വീട്ടിൽ വിജയൻ മകൻ നിധിൻ വിജയൻ, തൊടുപുഴ, വണ്ണപ്പുറം, ചിങ്കൽ സിറ്റി ദേശത്ത്, കരിക്കിൻ പറമ്പിൽ വീട്ടിൽ നാസർ മകൻ അബിൻസ് എന്നിവരെയാണ് പിടികൂടിയത്.

ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിവന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർ ആന്ധ്രപ്രദേശിൽ നിന്നും ഒരു കിലോ കഞ്ചാവ് 3000 രൂപക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഒരു കിലോക്ക് 20000 മുതൽ 35000 രൂപാ നിരക്കിലാണ് ഇവിടെ ഇടനിലക്കാർക്ക് വിറ്റു വരുന്നത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ 'ഗൂഗിൾ പേ വഴിയാണ് ഇടപാടുകൾ നടത്തി വരുന്നത്.

ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ആഴ്ചകളോളം നടന്ന് കഞ്ചാവ് ശേഖരിച്ച് എറണാകുളം ഭാഗത്ത് എത്തിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നു. പ്ലൈവുഡ്, ഫലവർഗ്ഗങ്ങൾ എന്നിവക്കിടയിൽ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് കഞ്ചാവ് എത്തിച്ചിരുന്നത് .

കഞ്ചാവ് ആന്ധ്രയിൽ കൈമാറുന്നവരെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ട്. തുടർ അന്വേഷണം ഊർജിതമാക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അറിയിച്ചു. വാഹന പരിശോധനയിൽ സർക്കിൾ ഇൻസ്‌പെക്ടറോടൊപ്പം, എക്‌സൈസ് ഇൻസ്‌പെക്ടർ വി എസ്.പ്രദീപ്, മണികണ്ഡൻ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഹാരീഷ്,പ്രിവന്റീവ് ഓഫീസർമാരായ ഒ.എൻ.അജയകുമാർ, ഷിബു, സിവിൽ എക്‌സൈസർമാരായ റോബി, റൂബൻ, മുജീബ്ബ് റഹ്‌മാൻ, അനിൽ പ്രസാദ്, രഞ്ജിത്ത്, അജിത്ത്, എന്നിവർ പങ്കെടുത്തു