- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ അദ്ധ്യാപകരുടെ സ്ഥലംമാറ്റമാനദണ്ഡം പുതുക്കി; ദുർഘട ഗ്രാമീണമേഖലയിൽ രണ്ടുവർഷ സേവനം നിർവഹിച്ചവർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: മെഡിക്കൽ അദ്ധ്യാപകരുടെ സ്ഥലംമാറ്റമാനദണ്ഡം പുതുക്കി. വയനാട്, കാസർകോട്, ഇടുക്കി, കോന്നി, മഞ്ചേരി മെഡിക്കൽകോളേജുകളെ ദുർഘട ഗ്രാമീണമേഖലയിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ അദ്ധ്യാപകരുടെ സ്ഥലംമാറ്റമാനദണ്ഡം പുതുക്കിയത്. ഇവിടങ്ങളിൽ രണ്ടുവർഷ സേവനം നിർവഹിച്ചവർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. മറ്റുമെഡിക്കൽ കോളേജുകളിൽ മൂന്നുവർഷ സേവനമുണ്ടെങ്കിലേ അപേക്ഷ നൽകാനാവൂ.
ഓൺലൈനായി അപേക്ഷ സ്വീകരിച്ച് സ്ഥലംമാറ്റ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇതിനായി സോഫ്റ്റ്‌വേറിൽ മാറ്റം വരുത്തും. ദുർഘടഗ്രാമീണ മേഖലയായി പരിഗണിക്കുന്ന കോളേജുകളിൽ ഒരുവർഷം സേവനം അനുഷ്ഠിച്ചവർക്ക് സ്ഥലംമാറ്റത്തിന് അർഹത നൽകണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് മെഡിക്കൽ കോളേജ് അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ. സർക്കാരിനുമുന്നിൽ സമർപ്പിച്ചിരുന്നത്. പുതുക്കിയ മാനദണ്ഡം വിലയിരുത്തി ഇളവിനായി വീണ്ടും സർക്കാരിനെ സമീപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ശമ്പളപരിഷ്‌കരണത്തിലെ അപാകം പരിഹരിക്കണമെന്നും സ്ഥലംമാറ്റനടപടികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നിലവിൽ മെഡിക്കൽകോളേജ് അദ്ധ്യാപകർ പ്രതിഷേധത്തിലാണ്. 15-ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ ധർണ നടത്തും.
നാഷണൽ മെഡിക്കൽ കമ്മിഷന്റെ പരിശോധനയ്ക്ക് മുന്നോടിയായി പുതിയ മെഡിക്കൽ കോളേജുകളിലേക്ക് നിലവിലുള്ള കോളേജുകളിൽനിന്ന് അദ്ധ്യാപകരെ നിയോഗിക്കാറുണ്ട്. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർ അവിടെ ജോലിചെയ്താൽ മാത്രമേ ആ കാലയളവ് ഔട്ട്സ്റ്റേഷൻ സേവനമായി പരിഗണിക്കേണ്ടതുള്ളൂവെന്നും പുതുക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനായി സ്ഥലംമാറ്റ അപേക്ഷയ്‌ക്കൊപ്പം കോളേജ് പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വിരമിക്കുന്നതിനുമുന്നോടിയായി ഒന്നിലധികം അദ്ധ്യാപകർ ഒരേ കോളേജ് (ഹോം കോളേജ്) ആവശ്യപ്പെട്ടാൽ കൂടുതൽ കാലം ഔട്ട്‌സ്റ്റേഷൻ സേവനമുള്ളവർക്ക് മുൻഗണന നൽകും.