- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്കിങ് ഹാം പാലസിൽ നിന്നും ചെട്ടികുളങ്ങരയിലേക്ക് എത്തിയത് രണ്ടു കത്തുകൾ; എലിസബത്ത് രാജ്ഞി അയച്ച കത്തുകൾ നിധി പോലെ സൂക്ഷിച്ച് മണികണ്ഠൻ നായർ
മാവേലിക്കര: എലിസബത്ത് രാജ്ഞിയുടെ വിയോഗ വാർത്തയറിഞ്ഞപ്പോൾ ബക്കിങ് ഹാം കൊട്ടാരത്തിൽ നിന്നും തനിക്ക് ലഭിച്ച രണ്ട് കത്തുകൾ മറിച്ചു നോക്കുകയാണ് ഒരു ചെട്ടികുളങ്ങരക്കാരൻ. വർഷങ്ങൾക്ക് മുമ്പ് എലിസബത്ത് രാജ്ഞി തനിക്ക് അയച്ച കത്തുകൾ നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ് കണ്ണമംഗലം തെക്ക് ഉത്രാടം മണികണ്ഠൻ നായർ (പ്രേമൻ54). എലിസബത്ത് രാജ്ഞിക്കു മണികണ്ഠൻ അയച്ച രണ്ട് കത്തുകൾക്കു കൊട്ടാരത്തിൽ നിന്നു ലഭിച്ച മറുപടിയാണ് അമൂല്യ നിധിയായി സൂക്ഷിക്കുന്നത്.
2013 ഡിസംബർ 25നാണ് മണികണ്ഠൻ നായർ എലിസബത്ത് രാജ്ഞിക്കു ആദ്യ കത്ത് എഴുതിയത്. പരിസ്ഥിതി പ്രശ്നങ്ങളായിരുന്നു ഉള്ളടക്കം. കത്ത് ശ്രദ്ധയോടെ വായിച്ചെന്ന കുറിപ്പും ഒപ്പം പുതുവത്സര ആശംസകളും രേഖപ്പെടുത്തി 2014 ജനുവരിയിൽ മറുപടി ലഭിച്ചു. എലിസബത്ത് രാജ്ഞിയുടെ കൈപ്പടയിലുള്ള കത്ത് ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് മതിമറന്ന അവസ്ഥയിലായിരുന്നു മണികണ്ഠൻ. പിന്നീട് 2015ൽ മണികണ്ഠൻ രാജ്ഞിക്ക് വീണ്ടുമൊരു കത്ത് കൂടി അയച്ചു.
ഐലാൻ കുർദി എന്ന മൂന്നര വയസ്സുകാരന്റെ ജഡം തുർക്കിയുടെ തീരപ്രദേശത്ത് അടിഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത്തെ കത്ത്. ലോകസമാധാനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളിലെ അഭിപ്രായങ്ങൾ കാര്യമായി പരിഗണിക്കുന്നുവെന്നും സിറിയൻ അഭയാർഥി പ്രശ്നത്തിൽ അഭിപ്രായം പറയാനാകാത്തതിൽ ഖേദം പ്രകടിപ്പിച്ചും 2016 ഫെബ്രുവരിയിൽ മറുപടി ലഭിച്ചു.
നിലവിൽ സൗദിയിൽ റെയിൽവേ കരാർ കമ്പനി സീനിയർ മാനേജർ ആയി പ്രവർത്തിക്കുകയാണ് മണികണ്ഠൻ നായർ. എൺപതിലേറെ രാജ്യങ്ങളുടെ തലവന്മാർക്കു കത്തെഴുതി ലഭിച്ച മറുപടി വലിയ സമ്പത്തായി സൂക്ഷിക്കുന്ന മണികണ്ഠൻനായർക്കു പിന്തുണയുമായി ഭാര്യയും ചെട്ടികുളങ്ങര പഞ്ചായത്തംഗവുമായ ലത എസ്.ശേഖർ, മക്കളായ ആദർശ്, കൈലാസ് എന്നിവരുണ്ട്.