ന്യൂഡൽഹി: രാജ്പഥിന്റെ പേരുമാറ്റി കർത്തവ്യപഥ് എന്നാക്കിയ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. രാജ്പഥിനെ കർത്തവ്യപഥ് എന്നാക്കാമെങ്കിൽ രാജ്ഭവനെ കർത്തവ്യ ഭവൻ എന്നാക്കിക്കൂടെ. എന്തിന് അവിടെ നിർത്തണം, രാജസ്ഥാനെ പേരുമാറ്റി കർത്തവ്യസ്ഥാൻ എന്നാക്കിക്കൂടേ എന്നും തരൂർ ട്വിറ്ററിൽ ചോദിച്ചു.

സെപ്റ്റംബർ എട്ടിനാണ് തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥ് നവീകരണത്തിന് ശേഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്പഥിന്റെ പേരുമാറ്റി കർത്തവ്യപഥ് എന്നാക്കി. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്ന് പൊതു അറിയിപ്പ് നൽകിയതിന് ശേഷമാണ് പേരു മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജനാധിപത്യ മൂല്യങ്ങളും രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കണക്കിലെടുത്താണ് രാജ്പഥിനെ കർത്തവ്യ പാഥ് എന്ന് പുനർനാമകരണം ചെയ്തത്. കോളനി വാഴ്ചയുടെ ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുക എന്ന ലക്ഷ്യവും പേരുമാറ്റത്തിനു പിന്നിലുണ്ട്.