- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കിറ്റ്; ബാക്കിയായത് ഇന്നു മുതൽ സപ്ലൈകോ തിരിച്ചെടുക്കും
കൊച്ചി: റേഷൻകടകളിൽ ബാക്കിയായ ഓണക്കിറ്റുകൾ സപ്ലൈകോ ഇന്നു മുതൽ തിരിച്ചെടുത്തു തുടങ്ങും. തിരിച്ചെടുക്കുന്ന കിറ്റുകളിലെ സാധനങ്ങൾ സപ്ലൈകോ ഔട്ലെറ്റുകളിലേക്കു മാറ്റും. സംസ്ഥാനത്തെ 92.88 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 85.69 ലക്ഷം പേർക്കാണ് കിറ്റ് കിട്ടിയത്. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള കിറ്റുകളടക്കം 85.84 ലക്ഷം ഓണക്കിറ്റുകളാണ് ഇക്കുറി വിതരണം ചെയ്തത്. ഓണക്കിറ്റിനായി സപ്ലൈകോയ്ക്ക് 400 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
ഓണക്കിറ്റ് വിതരണത്തിന്റെ അവസാന ദിവസത്തെ കണക്കനുസരിച്ച് 85,56185 കിറ്റുകളാണ് സപ്ലൈകോ റേഷൻ കടകളിൽ എത്തിച്ചത്. എന്നാൽ കിറ്റ് കിട്ടിയില്ലെന്ന പരാതി ഉയർന്നതോടെ അവസാന ദിനവും റേഷൻകടകളിലേക്ക് കിറ്റ് എത്തിച്ചിരുന്നു. അതുകൂടി കണക്കാക്കിയാൽ 87 ലക്ഷം കിറ്റുകൾ വിതരണത്തിനു നൽകിയെന്നാണ് സപ്ലൈകോ വൃത്തങ്ങൾ പറയുന്നത്. ഒരു കിറ്റിനു സപ്ലൈകോ 447 രൂപയാണു സർക്കാരിൽനിന്ന് ഈടാക്കുന്നത്.
ഇതനുസരിച്ച് 87 ലക്ഷം കിറ്റിനുള്ള പണം കഴിച്ചു ബാക്കി സപ്ലൈകോയുടെ പ്രവർത്തന ഫണ്ടിലേക്കു നീക്കും. സെർവർ തകരാറും കിറ്റ് എത്തിക്കുന്നതിലെ പാളിച്ചയും കാരണമാണു പലർക്കും അവസാന ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാതെ പോയത്. ഉത്രാടം നാളിൽ എട്ടു മണിക്കു തന്നെ കിറ്റ് വിതരണം നിർത്തിയതോടെ കിറ്റ് കിട്ടാതെ പോയവരുടെ എണ്ണം കൂടി.
അതേസമയം സപ്ലൈകോ വിൽപനശാലകളിലൂടെ സംസ്ഥാനത്തൊട്ടാകെ നടത്തിയ ഓണം മേളയിലെ വിറ്റുവരവിലൂടെ 132 കോടി ലഭിച്ചതായി സിഎംഡി ഡോ.സഞ്ജീവ് പട്ജോഷി അറിയിച്ചു. ഉത്രാടം നാൾ വരെ നീണ്ട ഓണം വിപണന മേളയിൽ അരി, തുവര പരിപ്പ്, ചെറുപയർ, മുളക്, ഉഴുന്ന്, പഞ്ചസാര, മല്ലി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്കു വലിയ സ്വീകാര്യത ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.