തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര നടപടിയുടെ ഭാഗമായി മാസ് വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ യജ്ഞം ഈ മാസം 20ന് ആരംഭിക്കും. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാൻ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിന് ശേഷം യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.

തെരുവുനായ്ക്കൾക്കായി പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ തുറക്കും. നായകളെ പിടികൂടാൻ കൂടുതൽ പേർക്ക് പരിശീലനം നൽകും. കുടുംബശ്രീയുടെയും കോവിഡ് സന്നദ്ധത സേനയുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടും. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ള ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ ശല്യത്തെ നേരിടേണ്ടത് രണ്ടുതരത്തിലാണ്. അടിയന്തരമായ ചില നടപടികൾ ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളുടെ ഭീതി സ്വാഭാവികമാണ്. എന്നാൽ അതുകൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാകുന്നില്ല. അതിന് ദീർഘകാല നടപടികൾ കൂടി സ്വീകരിക്കേണ്ടതുണ്ട്. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഇന്നത്തെ യോഗം ചർച്ച ചെയ്തത്. മറ്റുകാര്യങ്ങളെ കുറിച്ച് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും.

സെപ്റ്റംബർ ഇരുപതു മുതൽ ഒക്ടോബർ ഇരുപതുവരെയാണ് മാസ് വാക്‌സിനേഷൻ നടപ്പാക്കുക. വാക്സിനേഷനു വേണ്ടി ബ്ലോക്ക് പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയ്ക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനം വാടകയ്ക്ക് എടുക്കാൻ അനുമതി നൽകി. നായയെ പിടികൂടാൻ പരിശീലനം ലഭിച്ചിട്ടുള്ള നിലവിലെ ആളുകളെ ഉപയോഗിച്ച് വാക്സിനേഷൻ ആരംഭിക്കും. മാത്രമല്ല, കൂടുതൽ ആളുകൾക്ക് പരിശീലനം നൽകും. കോവിഡ് കാലത്ത് രൂപവത്കരിച്ച സന്നദ്ധസേനയിൽനിന്ന് തത്പരരായ ആളുകൾക്ക് പരിശീലനം നൽകും. കുടുംബശ്രീ ലഭ്യമാക്കുന്ന ആളുകൾക്കും പരിശീലനം നൽകും- രാജേഷ് പറഞ്ഞു.

പരിശീലനം സെപ്റ്റംബർ മാസം തന്നെ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് വെറ്ററിനറി സർവകലാശാലയുടെ സഹായം തേടും. അതിന് അവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒൻപതു ദിവസത്തെ പരിശീലനമാണ് നൽകുക. ഈ അതിതീവ്ര വാക്സിനേഷൻ പൂർത്തിയാക്കിയാൽ, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകും. വാക്സിൻ അടിയന്തരമായി വാങ്ങുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തെരുവുനായകൾക്ക് ഷെൽട്ടറുകൾ ആരംഭിക്കാൻ തീരുമാനിച്ചെന്നും മന്ത്രി രാജേഷ് പറഞ്ഞു. നേരത്തെ ബ്ലോക്ക് തലത്തിൽ ഷെൽട്ടറുകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. അതിന് പകരം പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ ആരംഭിക്കും. ലഭ്യമായ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.