- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളിളക്കം സൃഷ്ടിച്ച കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ വാദം കേൾക്കൽ ഡിസംബർ 14 ലേക്ക് നീട്ടി; ജഡ്ജി മാറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം
മലപ്പുറം: കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ വാദം കേൾക്കുന്നത് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) 2022 ഡിസംബർ 14ലേക്ക് നീട്ടി വെച്ചു. കൊല്ലപ്പെട്ട അബൂബക്കറിന്റെ ഭാര്യ ഖദീജ അഭിഭാഷകനായ പി എം സഫറുള്ള മുഖേന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി വാദം കേൾക്കുന്നത് നീട്ടിവെച്ചത്.
2019 സെപ്റ്റംബർ 19നാണ് കുനിയിൽ ഇരട്ടക്കൊലപാതക കേസിന്റെ വിസ്താരം ആരംഭിച്ചത്. 356 സാക്ഷികളുള്ള കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടുമിക്ക പേരെയും പ്രതികളെയും വിസ്തരിച്ചത് ജഡ്ജിയായിരുന്ന എ വി മൃദുല മുമ്പാകെയായിരുന്നു. 1500 രേഖകളും കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ നൂറിൽപരം തൊണ്ടി മുതലുകളും ഈ ജഡ്ജി മുമ്പാകെ ഹാജരാക്കിയിരുന്നു. എന്നാൽ കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതോടെ കോടതി പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.
2021 നവംബറോടെ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നു. നവംബറിൽ ജഡ്ജി എ വി മൃദുല തലശ്ശേരി ജില്ലാ ജഡ്ജിയായി സ്ഥലം മാറിയതോടെ കേസ് പിന്നീട് ചുമതലയേറ്റ ടി എച്ച് രജിതയുടെ പരിഗണനയിലായി. ഈ മാറ്റം കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും നേരത്തെ കേസ് പരിഗണിച്ച ജഡ്ജി തന്നെ തുടർന്നും വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വാദം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത്.
2012 ജൂൺ പത്തിന് വൈകീട്ട് ഏഴര മണിക്ക് അരീക്കോട് കുനിയിൽ അങ്ങാടിയിൽ ആദ്യ ഏഴ് പ്രതികൾ കൊളക്കാടൻ അബ്ദുൾ കലാം ആസാദിനെയും 8 മുതൽ 11 വരെയുള്ള പ്രതികൾ കൊളക്കാടൻ അബൂബക്കറിനെയും മുഖം മൂടിയിട്ടു വന്ന് കൊടുവാൾ, വടിവാൾ തുടങ്ങിയ ആയുധങ്ങളു പയോഗിച്ച് വെട്ടി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.
കുറുവങ്ങാടൻ മുക്താർ, റാഷിദ്, റഷീദ് എന്ന സുഡാനി റഷീദ്, ചോലയിൽ ഉമ്മർ, മുഹമ്മദ് ഷെറീഫ് എന്ന ചെറി, കുറു മാടൻ അബ്ദുൾ അലി, ഫദലുറഹ്‌മാൻ, മുഹമ്മദ് ഫത്തീൻ, മധുരക്കുഴിയൻ മഹ്‌സും, സാനിസ് എന്ന ചെറു മണി, ഷബീർ എന്ന ഇണ്ണികുട്ടൻ, അനസ് മോൻ, നിയാസ്, നവാസ് ഷെറീഫ്, കോലോത്തും തൊടി മുജീബ് റഹ്‌മാൻ, കുറുവങ്ങാടർ ഷറഫുദ്ദീൻ, അബ്ദുൾ സബൂർ കോട്ട, സഫറുള്ള, പാറമ്മൽ അഹമ്മദ് കുട്ടി, യാസിർ, റിയാസ്, ഫിറോസ് ഖാൻ എന്നിവരാണ് പ്രതികൾ.
15ാം പ്രതിയായ മുജീബ് റഹ്‌മാനും 17ാം പ്രതിയായ അബ്ദുൾ സബൂർ കോട്ടയും ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനും ശേഷം സംഭവത്തിനു തൊട്ടു മുൻപായി വിദേശത്തേക്ക് കടന്നു കളയുകയും പിന്നീട് പ്രത്യേക അന്വേഷണ സംഘം ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കേസിനാസ്പദമായ സംഭവത്തിൽ ഏറനാട് എംഎൽ എ പികെ ബഷീറിന്റെ പങ്കിനെ സംബന്ധിച്ച് നിയമസഭക്കകത്തും പുറത്തുമായി വലിയ രാഷ്ട്രീയ വിവാദങ്ങൾ അരങ്ങേറിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്