മുംബൈ: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കേരളത്തെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ബോളിവുഡ് നടി കരിഷ്മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടിയുടെ ബഹിഷ്‌കരണ ആഹ്വാനം.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് പോസ്റ്ററിൽ പറയുന്നത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

കരിഷ്മ തന്നയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി
പേവിഷബാധയുണ്ടോ എന്നുപോലും നോക്കാതെ ഒരു സംഘമാളുകൾ നായ്ക്കളെ കൊല്ലാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അവർ നായ്ക്കളെ വകവരുത്താൻ തുടങ്ങിയിരിക്കുന്നു. കൊലപാതകമല്ല പ്രതിവിധി. പ്രത്യുല്പാദന നിയന്ത്രമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

നടിയും മോഡലുമായ കരിഷ്മ ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാർഥിയുമാണ്. ഗ്രാൻഡ് മസ്തി, സഞ്ജു തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് ഒടുവിൽ അഭിനയിച്ചത്.