കൊച്ചി: സസ്‌പെൻസും നിഗൂഢതയും നിറച്ച് ജയസൂര്യ ചിത്രം 'ഈശോ'യുടെ ട്രെയിലർ. ജയസൂര്യയെ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ചിത്രത്തിൽ കാണാനാകും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 5ന് സോണി ലിവിലൂടെ റിലീസ് ചെയ്യും.

അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ഈശോയുടെ റിലീസ് ഒടിടിയിൽ ആയിരിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെ സെപ്റ്റംബർ 14നാണ് റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'ക്ലീൻ' യു സർട്ടിഫിക്ക് ലഭിച്ചിരിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രഖ്യാപന വേളയിൽ ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ക്രിസ്ത്യൻ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പേര് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം.



ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. നാദിർഷ തന്നെയാണ് സംഗീത സംവിധാനം. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. റീറെക്കോർഡിങ്ങ് ജേക്‌സ് ബിജോയ്, വരികൾ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിങ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം അരുൺ മനോഹർ, ആക്ഷൻ കൊറിയോഗ്രഫി ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി ബൃന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് പി വി ശങ്കർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.