കണ്ണൂർ: എൻ.ഐ.- ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് കണ്ണൂർ ദേശീയ പാതയിലെ കാൽ ടെക്സ് ജങ്ഷൻ ഉപരോധിച്ച 42 പോപുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു ഇന്ന് രാവിലെ പത്തുമണിയോടെയാണ് കാൽടെക്സിൽ റോഡ് ഉപരോധിച്ച പി.എഫ്.ഐപ്രവർത്തകരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്. ഇതിനിടെ കുതറി മാറി സംഘർഷം സൃഷ്ടിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി. ഉന്തുംതള്ളും ലാത്തിവീശലിനുമിടയിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫറെ പൊലീസ് ലാത്തി കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചു. സുപ്രഭാതം ഫോട്ടോഗ്രാഫർ കെ.എം. ശ്രീകാന്തിനാണ് പരിക്കേറ്റത് തലപൊട്ടി ചോര വന്ന ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

നൂറോളം പേരാണ് ഇന്ന് കണ്ണൂരിൽ നടന്ന സമരത്തിൽ പങ്കെടുത്തത്. കണ്ണൂർ ടൗൺ പൊലീസ് ഇൻസ് പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. പ്രതിഷേധ സ്ഥലത്തു നിന്നു തന്നെ ഭാരവാഹികൾ ഉൾപെടെ ഇരുപതിലേറെ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് കണ്ണൂർ താണയിലെ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ദേശീയപാത ഉപരോധം നടത്തിയത്. തങ്ങൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ചു കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ മാർച്ചിന് തീരുമാനിച്ചുവെങ്കിലും പൊലീസ് നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, എടക്കാട് തലശേരി പയ്യന്നൂർ, തളിപറമ്പ്, ഇരിട്ടി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ദേശീയപാതാ ഉപരോധം ചിത്രീകരിക്കുന്നതിനിടെ സുപ്രഭാതം ഫൊട്ടോഗ്രാഫർക്കു നേരേ പൊലിസ് ആക്രമണം. പൊലിസിന്റെ ലാത്തിയടിയേറ്റ് സുപ്രഭാതം കണ്ണൂർ യൂനിറ്റ് ഫോട്ടോഗ്രാഫർ കെ.എം ശ്രീകാന്തിനു (39) പരുക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ കണ്ണൂർ ചേംബർഹാളിനു സമീപമായിരുന്നു സംഭവം.

റോഡ് ഉപരോധിച്ച പോപ്പുലർഫണ്ട് പ്രവർത്തകരെ മാറ്റുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ കണ്ണട വച്ച പൊലിസ് ഉദ്യോഗസ്ഥൻ ലാത്തികൊണ്ട് ശ്രീകാന്തിന്റെ തലയ്ക്കും ദേഹത്തും ലാത്തികൊണ്ട് അടിക്കുകയായിരുന്നു. തലപൊട്ടി ചോരയൊലിച്ച ശ്രീകാന്തിനെ ഉടൻ ജില്ലാആശുപത്രിയിൽ എത്തിച്ച് ചികിത്സനൽകി.
കാമറയും കാമറാ ബാഗും ഉണ്ടായിരുന്നയാളെ മാധ്യമപ്രവർത്തകൻ എന്നറിഞ്ഞ് കൊണ്ട് ബോധപൂർവമാണ് ആക്രമിച്ചതെന്നു തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ കേരളാ പത്രപ്രവർത്തക യൂനിയൻ ജില്ലാകമ്മിറ്റിയും ശ്രീകാന്തും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലിസ് ചീഫിനും സിറ്റി പൊലിസ് കമ്മിഷണർക്കും പരാതി നൽകി.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സുപ്രഭാതം ഫോട്ടോഗ്രാഫർ കെ.എം. ശ്രീകാന്തിനെ മർദിച്ച പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ ദേശീയപാത ഉപരോധത്തിനിടെയാണ് ശ്രീകാന്തിന്റെ തലയ്ക്ക് പൊലീസ് ലാത്തികൊണ്ട് അടിച്ചത്. തലപൊട്ടി ചോരയൊലിച്ച ശ്രീകാന്തിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഉപരോധ സമരം കാമറയിൽ ചിത്രീകരിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ പുറകിൽ നിന്നും ലാത്തികൊണ്ട് തലയ്ക്കും ദേഹത്തും ലാത്തികൊണ്ട് അടിച്ചുപരുക്കേൽപിക്കുകയായിരുന്നു. കാമറയും കാമറാ ബാഗുമു ണ്ടായിരുന്നയാളെ മാധ്യമപ്രവർത്തകൻ എന്നറിഞ്ഞ് കൊണ്ട് ബോധപൂർവമാണ് ആക്രമിച്ചതെന്നു ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പത്ര ഫോട്ടോഗ്രാഫർക്കു നേരെയുണ്ടായ ദയാരഹിതമായ പൊലീസ് ആക്രമണം അംഗീകരിക്കാനാവില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സിജി ഉലഹന്നാൻ , സെക്രട്ടറി കെ. വിജേഷ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു