കുവൈത്ത് സിറ്റി: സമുദ്രമാർഗം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിക്കവെ പ്രതികൾ തീരസംരക്ഷണ സേനയുടെ പിടിയിൽ. അയൽ രാജ്യങ്ങളിൽ നിന്നെത്തിയ ലഹരിമരുന്ന് കടലിന് അടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് മാരിറ്റൈം സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷൻ വിവരം നൽകിയതിനെ തുടർന്നുള്ള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ലഹരിമരുന്ന് തിരിച്ചെടുക്കാനായി വിദേശത്ത് നിന്ന് ബോട്ടിലെത്തിയ പ്രതികളെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. 49തരം വിവിധ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലേക്ക് വൻതോതിൽ മദ്യം കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് കണ്ടെയ്‌നറുകളിലായി പതിനെണ്ണായിരത്തിലധികം ബോട്ടിൽ മദ്യമാണ് രാജ്യത്തിന്റെ കര അതിർത്തി വഴി കൊണ്ടുവരാൻ ശ്രമിച്ചത്.

അറസ്റ്റിലായ ആറ് പേർ സൗദി അറേബ്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കേബിളുകളും ബാറ്ററികളും ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുവന്ന വലിയ കണ്ടെയ്‌നറുകളിലായിരുന്നു പെട്ടെന്ന് ശ്രദ്ധയിൽപെടാത്ത വിധത്തിൽ മദ്യക്കുപ്പികൾ ഒളിപ്പിച്ചിരുന്നത്. രണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഈ സാധനങ്ങൾ എത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. കുവൈത്ത് പ്രധാന മന്ത്രിയുടെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രിയും പരിശോധനകൾക്ക് സാക്ഷിയാവാൻ എത്തിയിരുന്നു. വന്മദ്യശേഖരം പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.