രാജാക്കാട് :ആനയെയും കുഞ്ഞുങ്ങളെയും കാണാൻ യൂക്കാലി മരത്തിൽ കയറിയ യുവാവിന് വനം വകുപ്പ് ജീവനക്കാരുടെ ഇടപെടൽ രക്ഷയായി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുപ്പുറപ്പിച്ച മരത്തിന് സമീപത്ത് നിലയുറപ്പിച്ച കാട്ടു കൊമ്പനെ പടക്കമെറിഞ്ഞും ഒച്ചപ്പാടുണ്ടാക്കിയും ഓടിച്ച ശേഷമാണ് വനം വകുപ്പ് ജിവനകാരും നാട്ടുകാരും അടങ്ങുന്ന സംഘം യുവാവിന് മരത്തിൽ നിന്നിറങ്ങാൻ അവസരമൊരുക്കിയത്.

കർഷകനും ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശിയുമായ സജിയാണ് കാട്ടാനയെ ഭയന്ന് മണിക്കൂറുകളോളം മരത്തിന്റെ മുകളിൽ കഴിച്ചു കൂട്ടിയത്. ഇന്ന് രാവിലെ 10 മണിയോടെ തന്റെ കൃഷി സ്ഥലത്തേക്ക് പോകുമ്പോഴാണ് സജി കാട്ടാനക്കൂട്ടത്തെ കാണുന്നത്. ഒരു കൊമ്പനും പിടിയും രണ്ടു കുട്ടികളുമടങ്ങുന്നതായിരുന്നു കാട്ടാനക്കൂട്ടം. താമസിയാതെ ആന കൂട്ടം ഇറങ്ങിയതറിഞ്ഞ് വനം വകുപ്പ് വച്ചർമാരും സ്ഥലത്തെത്തി. തുടർന്ന് ഇവരോടൊപ്പം ആന കൂട്ടത്തെ ഓടിക്കാൻ സജിയും കൂടി.

ആനക്കൂട്ടം കാട്ടിലേയ്ക്ക് നീങ്ങിയതോട സജി യൂക്കാലി മരത്തിൽ കയറി. പ്രദേശം മൊത്തത്തിൽ വീക്ഷിക്കുന്നതിനും ആന കൂട്ടം എങ്ങോട്ടാണെന്ന് പോകുന്നത് എന്ന് നിരീക്ഷിക്കുകയുമായിരുന്നു സജിയുടെ ലക്ഷ്യം. സജി മരത്തിൽ കയറിയതിന് പിന്നാലെ ആനക്കൂട്ടം തിരികെ എത്തുകയും സജി ഇരുന്ന മരത്തിന് സമീപം ചുറ്റിത്തിരിയുകയുമായിരുന്നു. പല വഴിക്ക് തുരത്താൻ നോക്കായിട്ടും പിടിയാനയും കൊമ്പനും പ്രദേശം വിട്ടു പോകാൻ തയ്യാറായില്ല. രണ്ട് കുഞ്ഞുങ്ങളിലൊന്ന് കൂട്ടം തെറ്റി മാറിയിരുന്നു. ഇതിനെ തിരഞ്ഞാണ് കൊമ്പനും പിടിയും പ്രദേശത്ത് തങ്ങിയതെന്നും പടക്കം എറിഞ്ഞ് ആനകളെ തുരത്തിയ ശേഷം സജിയെ മരത്തിന് മുകളിൽ നിന്നും താഴെയിറക്കി, വീട്ടുകാർക്ക് വിവരം നൽകിയെന്നും മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫിസർ അറിയിച്ചു.