- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്നത് 1000 പാക്കറ്റ് ഹാൻസ്; കടയുടമ അറസ്റ്റിൽ

ആലപ്പുഴ: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നം പൊലീസ് പിടിച്ചെടുത്തു. താമരക്കുളം നാലുമുക്കിൽ വീട്ടിലും കടയിലുമായി വില്പനയ്ക്കുസൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നമായ 1,000 പാക്കറ്റ് ഹാൻസാണ് നൂറനാട് പൊലീസ് പിടിച്ചെടുത്തത്. കടയുടമ താമരക്കുളം മേക്കുംമുറി കുഴിവിള തെക്കതിൽ ഷാജഹാനെ(54) പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ നാർക്കോട്ടിക് സ്‌ക്വാഡ് ഡി.വൈ.എസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. രണ്ടു ചാക്കുകളിലായാണ് ഉത്പന്നം സൂക്ഷിച്ചിരുന്നത്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമുൾപ്പെടെ ഇവിടെനിന്നു ഹാൻസ് ലഭിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ നിതീഷ്, ബാബുക്കുട്ടൻ, രാജേഷ്, ജൂനിയർ എസ്‌ഐ. ദീപു, സി.പി.ഒ. മാരായ കൃഷ്ണകുമാർ, ഷിബു ജില്ലാ ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ ജയപ്രസാദ്, സാംസൺ എന്നിവരും പങ്കെടുത്തു. ആന്റി നാർക്കോട്ടിക് ഡിറ്റക്ഷൻ ഡോഗ് ലിസിയാണ് ഒളിപ്പിച്ചു വച്ചിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപകമായി പൊലീസ് പരിശോധന നടത്തി വരികയാണ്.


