തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം നെയ്യാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അരുമാനൂർ എം വിആർ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അശ്വിൻ രാജ്, ജോസ്ബിൻ എന്നിവരാണ് മുങ്ങിമരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. മാവിളക്കടവിലെ കുളിക്കടവിൽ വിദ്യാർത്ഥികൾ കുളിക്കുന്നതിനിടെയായിരുന്നു അപകടം. അശ്വിനും ജോസ്ബിനും കൂടാതെ മറ്റ് അഞ്ച് പേർ കൂടി വിദ്യാർത്ഥി സംഘത്തിലുണ്ടായിരുന്നു.

അടിയൊഴുക്കിൽപെട്ട കുട്ടികളുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി. വിവരമറിഞ്ഞ് പൂവാർ പൊലീസും സ്ഥലത്തെത്തി. ഫയർഫോഴ്സും സ്‌കൂബാസംഘവും ചേർന്ന് വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും മരിച്ച നിലയിലാണ് കണ്ടെത്തിയത്.