കോതമംഗലം: മാർ തോമ ചെറിയപള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ ഇന്നും നാളെയുമായി നടക്കും. പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് പെരുന്നാൾ ആഘോഷം. 337 - മത് ഓർമ്മപ്പെരുന്നാളാണ് ഈ വർഷം ആഘോഷിക്കുന്നത്.

ആഘോഷ പരിപാടികളിൽ പങ്കാളികളാവാൻ രാവിലെ മുതൽ പള്ളിയിലേയ്ക്ക് വിശ്വാസികളുടെ പ്രവാഹം ശക്തമായിട്ടുണ്ട്.പള്ളിയിലേയ്ക്ക് വിവിധ മേഖലകളിൽ നിന്നും പള്ളിയിലേയ്ക്ക് ആരംഭിച്ചിട്ടുള്ള കാൽനട തീർത്ഥയാത്ര സംഘങ്ങൾ വൈകിട്ട് നാല് മണിയോടെ കോതമംഗലത്തെത്തും.ഇതോടെ നഗരം വിശ്വാസികളെ കൊണ്ട് നിറയും.

ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കോഴിപ്പിള്ളി കവലയിലും, പടിഞ്ഞാറൻ മേഖലയിൽ നിന്നു വരുന്ന തീർത്ഥാടകർക്ക് മുവാറ്റുപുഴ കവലയിലും പോത്താനിക്കാട് മേഖലയിൽ നിന്നു വരുന്നവർക്ക് ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകും .

ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം എംഎ‍ൽഎ ആന്റണി ജോൺ , കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ്ജ് , കൺവീനർ കെ.എ. നൗഷാദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകും. വൈകിട്ട് ആറ് മണിക്ക് മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്കും സഭയിലെ മെത്രാപ്പൊലീത്തന്മാർക്കും സ്വീകരണം നൽകും.

വൈകിട്ട് 7 ന് ശ്രേഷ്ഠ കാതോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയുമായ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ സന്ധ്യ നമസ്‌കാരം നടക്കും.

സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് , അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പൊലീത്ത എബ്രാഹാം മോർ സേവേറിയോസ് ,കോതമംഗലം മേഖലാധിപൻ ഏലിയാസ് മോർ യൂലിയോസ് , പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം, മുവാറ്റുപുഴ മേഖലാധിപൻ മാത്യൂസ് മോർ അന്തീമോസ്, ഹൈറേഞ്ച് മേഖലാധിപൻ അഭി.ഏലിയാസ് മോർ അത്താനാസിയോസ്, കണ്ടനാട് ഭദ്രാസനാധിപൻ അഭി.മാത്യൂസ് മോർ ഈവാനിയോസ്, പരി. പാത്രിയർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നിവർ സഹകാർമ്മികത്വം വഹിക്കും.

തുടർന്ന് ശ്രേഷ്ഠ ബാവ പെരുന്നാൾ സന്ദേശം നൽകും.രാത്രി 10 മണിക്ക് ചരിത്ര പ്രസിദ്ധമായ ടൗൺ ചുറ്റി പ്രദക്ഷിണം നടക്കും.വിശ്വാസികളുടെ പങ്കാളി്തതം കൊണ്ട് പ്രദക്ഷിണം ശ്രദ്ധേയമാവും.പ്രദക്ഷണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ തന്നെ വേണ്ടിവരും.

പള്ളിയിൽ നിന്നും പുറപ്പെട്ട് വലിയ പള്ളി, മലയിൻകീഴ് കുരിശ്, എം. ബി. എം. എം. ആശുപത്രി എന്നിവടങ്ങളിൽ കൂടി മോർ ബേസിൽ ഹയർ സെക്കണ്ടറി സ്‌കൂൾ റോഡ് വഴി തിരിച്ച് പള്ളിയിലെത്തുന്നു. തുടർന്ന് ആശീർവ്വാദം, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.

ഗതാഗത നിയന്ത്രണം

പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നാളെ ഉച്ചയ്ക്ക് 2 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.പിഒ ജംഗ്ഷൻ മുതൽ കോഴിപ്പിള്ളി ജംഗ്ഷൻ വരെ ഇരുവശത്തേക്കും വാഹന ഗതാഗതവും പാതയോരങ്ങളിലുള്ള പാർക്കിംഗും നിരോധിച്ചിട്ടുണ്ട്

ഹൈറേഞ്ച് ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കോഴിപ്പിള്ളി - തങ്കളം ബൈപ്പാസ് റോഡു വഴി തങ്കളം ജംഗ്ഷൻ എത്തുന്നതിന് മുൻപായി ആലുംമാവ് - കുരൂർ റോഡിൽക്കൂടി തൃക്കാരിയൂർ റോഡിൽ പ്രവേശിച്ച് തങ്കളം സൺഡേ സ്‌ക്കൂളിന് സമീപമുള്ള ആലുംമാവ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുഴിയിലെത്തി പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

ചെറിയ വാഹനങ്ങൾക്ക കോഴിപ്പിള്ളി - തങ്കളം ബൈപ്പാസ് റോഡിലെ മലയിൻകീഴ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ബ്ലോക്ക് ഓഫീസ് റോഡിലൂടെ തൃക്കാരിയൂരിൽ വഴി നെല്ലിക്കുഴിയിൽ എത്തി പെരുമ്പാവൂർ ഭാഗത്തേയ്ക്ക് പോകാം.

ഹൈറേഞ്ച് ഭാഗത്തു നിന്നും മുവ്വാറ്റുപുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ കോഴിപ്പിള്ളി - തങ്കളം ബൈപ്പാസ് റോഡു വഴി തങ്കളം ജംഗ്ഷനിൽ എത്തി എഎം റോഡ് കടന്ന് നേരെ എംഎ കോളേജ് റോഡു വഴി വിമലഗിരി ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുവ്വാറ്റുപുഴ ഭാഗത്തേക്ക് പോകാം.

പെരുമ്പാവൂർ ഭാഗത്തു നിന്നും ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തങ്കളം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം - കോഴിപ്പിള്ളി ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.

മുവാാറ്റുപുഴ ഭാഗത്തുനിന്നും ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വിമലഗിരി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം - എംഎ കോളേജ് റോഡുവഴി തങ്കളം ജംഗ്ഷനിൽ എത്തി എഎം റോഡ് വട്ടംകടന്ന് നേരെ തങ്കളം - കോഴിപ്പിള്ളി ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.

മുവ്വാറ്റുപുഴയിൽ നിന്നും ഹൈറേഞ്ച് ഭാഗത്തേക്കും തിരിച്ചുമുള്ള ദീർഘദൂര യാത്ര വാഹനങ്ങൾ പുതുപ്പാടി - വാരപ്പെട്ടി - അടിവാട് - ഊന്നുകൽ റോഡിൽക്കൂടി പോകേണ്ടതാണ്.

പോത്താനിക്കാട് നിന്നും മുവാറ്റുപുഴ ഭാഗത്തേക്കും തിരിച്ചും പോകുന്ന ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വാട്ടർ അഥോറിറ്റി - എംഎ കോളേജ് റോഡിലൂടെ പോകേണ്ടതാണ്

ഹൈറേഞ്ച്, ചേലാട് ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെഎസ്ആർടിസി -സ്വകാര്യബസ്സുകൾ അരമനപ്പടി ബൈപ്പാസ് ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസ് റോഡിന്റെ കിഴക്കുഭാഗത്ത് പാർക്ക് ചെയ്യേണ്ടതും പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ കോഴിപ്പിള്ളി - തങ്കളം ബൈപ്പാസ് റോഡു വഴി പോകേണ്ടതുമാണ്.

പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെഎസ്ആർടിസി -സ്വകാര്യബസ്സുകൾ നങ്ങേലിപ്പടിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തങ്കളം കാക്കനാട് റോഡിലൂടെ നാലുവരി പാത അവസാനിക്കുന്നിടത്ത് ആളെ ഇറക്കി ,അവിടെ നിന്നു തന്നെ ട്രിപ്പ് ആരംഭിക്കേണ്ടതുമാണ്.

തൃക്കാരിയൂർ ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെഎസ്ആർടിസി -സ്വകാര്യബസ്സുകൾ തങ്കളം ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി ,അവിടെ നിന്നു തന്നെ ട്രിപ്പ് ആരംഭിക്കേണ്ടതാണ്.

മൂവാറ്റുപുഴ ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന കെഎസ്ആർടിസി -സ്വകാര്യബസ്സുകൾ തങ്കളം - എംഎ കോളേജ് റോഡു വഴി വന്ന് തങ്കളം കാക്കനാട് റോഡിൽ നാലുവരി പാത അവസാനിക്കുന്നിടത്ത് ആളെ ഇറക്കി,അവിടെ നിന്നു തന്നെ ട്രിപ്പ് ആരംഭിക്കേണ്ടതുമാണ്.

പാർക്കിങ്

വലിയ വാഹനങ്ങൾക്ക് തങ്കളം - കാക്കനാട് റോഡിന്റെ ഇരുവശങ്ങളിലും വാഹനഗതാഗതത്തിന് തടസം വരാത്തവിധം പാർക്ക് ചെയ്യാം. ചെറിയവാഹനങ്ങൾ തങ്കളം - കോഴിപ്പിള്ളി ബൈപ്പാസ് റോഡിന്റെ വടക്കരികിൽ പാർക്കിംഗിനായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും മലയിൻകീഴിനും അരമനപ്പടിക്കും ഇടയിലുള്ള പാർക്കിങ് ഏരിയയിലും, സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളിയുടെ കോംമ്പൗണ്ടിലും പാർക്കുചെയ്യാം.