മൂന്നാർ: നേയമക്കാട് എസ്റ്റേറ്റിൽ ഇന്ന് പുലർച്ചെ പുലിയിറങ്ങി. നാല് പശുക്കളെയും ഒരു കന്നുക്കുട്ടിയെയും പുലി കൊന്നു. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ 50 മീറ്റർ അകലെ വരെ പുലി എത്തിയതായിട്ടാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.

എസ്റ്റേറ്റ് തൊഴിലാളിയായ മാരിയപ്പൻ വളർത്തി വന്നിരുന്ന പശുക്കളെയാണ് പുലി കൊന്നത്. ഭാഗീകമായി ഭക്ഷിച്ച നിലയിലാണ് ജഡങ്ങൾ തൊഴുത്തിൽ കാണപ്പെട്ടത്. രാവിലെ 5.30 തോടെ പശുക്കളെ കറക്കാൻ എത്തിയപ്പോഴാണ് മാരിയപ്പൻ വിവരം അറിയുന്നത്. താമസിക്കുന്ന ലയത്തിൽ നിന്നും ഏകദേശം 50 മീറ്റർ അകലെയാണ് തൊഴുത്ത് സ്ഥിതി ചെയ്യുന്നത്.

സംഭവം പുറത്തു വന്നതിന് പിന്നാലെ മേഖലയിൽ നാട്ടുകാർ സംഘടിച്ച് ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേ വനംവകുപ്പ് ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി.

ദേവികുളം സബ്ബ് കളക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തുകയും നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ സന്നദ്ധരായത്. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. രാജമലയുടെ സമീപത്താണ് നേയമക്കാട് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.

മക്കളെപ്പോലെ വളർത്തിയിരുന്ന കന്നുകാലികളെയാണ് പുലി കൊന്നതെന്നും രാത്രി 11 മണി വരെ കഷ്ടപ്പെട്ടാണ് വളർത്തിയിരുന്നെതെന്നും കുടുംബത്തിന്റ ഭാവിജീവതം തന്നെ താറുമാറായെന്നും മറ്റും ചൂണ്ടികാട്ടി മാരിയപ്പന്റെ മകൾ പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരോട് രോക്ഷത്തോടെ പ്രതികരിച്ചു.

കഴിഞ്ഞ 20 വർഷമായി കന്നുകാലി വളർത്തി വരികയായിരുന്നു. പെൺമക്കളുടെ വിദ്യാഭ്യാസവും മറ്റും നടത്തിവന്നിരുന്നത് പാൽ വിറ്റ് കിട്ടുന്ന കാശുകൊണ്ടായിരുന്നു. ഇപ്പോൾ എല്ലാം നഷ്ടമായി. നഷ്ടപരിഹാരം ഉടനെ നൽകാമെന്ന് അധികൃതർ പറഞ്ഞിട്ടുണ്ട്. ഇത് ലഭിച്ചാൽ തന്നെ നല്ല കറവ ലഭിക്കുന്ന പശുക്കളെ വാങ്ങാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. മാരിയപ്പൻ മറുനാടനോട് വ്യക്തമാക്കി.