- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താരങ്ങൾക്ക് മാത്രമല്ല ലഹരി ലഭിക്കുന്നത്; കള്ള് ഷാപ്പ് തുറന്ന് വെച്ചിട്ട് മദ്യനിരോധനം പറയാൻ പറ്റുമോ'; ലഹരിയെ അനുകൂലിക്കേണ്ട കാര്യമില്ല
കൊച്ചി: സിനിമാ മേഖലയിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ ആരോപണത്തിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. താരങ്ങൾക്ക് മാത്രമല്ല ലഹരി ലഭിക്കുന്നത്. ലഹരി ഉപയോഗം ഒട്ടും ഗുണകരമായ കാര്യമല്ല, സിനിമയിലായാലും പുറത്തായാലും അതിനെ അനുകൂലിക്കേണ്ട കാര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ലഹരി ഇവിടെ ഉപയോഗിക്കരുത് എന്ന ബോർഡ് എഴുതിവെയ്ക്കാമെന്ന് അല്ലാതെ വേറെന്ത് ചെയ്യാൻ പറ്റുമെന്നും മമ്മൂട്ടി ചോദിച്ചു. മനോരമന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
ജീവന് അപകടമുണ്ടാക്കുന്ന ലഹരിയുണ്ട്. സ്വഭാവത്തിന് മാറ്റം വരുത്തുന്നവയുണ്ട്, പക്ഷേ എല്ലാം ഇവിടെ ലഭിക്കും. ഇത്രയും കള്ള് ഷാപ്പ് തുറന്ന് വെച്ചിട്ട് നമുക്ക് മദ്യനിരോധനം പറയാൻ പറ്റുമോ. ഇത് ഇവിടെ ലഭിക്കുന്നു എന്നത് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതാണെന്നും മമ്മൂട്ടി പറഞ്ഞു.
നേരത്തെ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തിൽ തൊഴിൽ നിഷേധം തെറ്റാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആരെയും വിലക്കാൻ പാടില്ല, എന്തിനാണ് അന്നം മുട്ടിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമയിലെ വിലക്കിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ മറുപടി. ആദ്യം ആരെയും വിലക്കിയിട്ടില്ലെന്നാണ് അറിയുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പിന്നീട് മാധ്യമപ്രവർത്തകർ വിലക്കുണ്ടെന്ന് ആവർത്തിച്ചപ്പോഴാണ്, ആരെയും വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞത്.