മലപ്പുറം: ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ ഇടനിലക്കാരൻ പതിനാല് കിലോ കഞ്ചാവ് സഹിതം പിടിയിൽ. ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് വൻതോതിൽ വാങ്ങി നിലമ്പൂരിലേക്കെത്തിക്കുന്ന ഇടനിലക്കാരനായ എടക്കര കാക്കപ്പരത സ്വദേശി തെക്കരത്തൊടി മുഹമ്മത് സ്വാലിഹ് എന്ന മിന്നൽ സാലി(28)യാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്‌പി: ഷാജു കെ എബ്രഹാം. സി ഐ. പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി വരവെ ഇന്നു പുലർച്ചെ നിലമ്പൂർ കോടതിപ്പടി ബസ് സ്റോപ്പിന് സമീപം വച്ചാണ് പ്രതി പിടിയിലായത്.

രണ്ട് ബാഗിലായി സൂക്ഷിച്ച (എട്ട് പാർസൽ ) പതിനാല് കിലോ കഞ്ചാവ് സഹിതം പ്രതി പിടിയിലായത്. ഈമാസം നാലിന് ആന്ധ്രയിലെ വിജയവാഡയിലേക്ക് പോയ പ്രതി അവിടെയുള്ള ഇടനിലക്കാരിൽ നിന്നും വൻ തോതിൽ കഞ്ചാവ് ശേഖരിച്ചാണ് നിലമ്പൂരിലേക്ക് എത്തിച്ചത്. പ്രദേശത്തെ ചില്ലറ വിൽപ്പനക്കാരിൽ നിന്നും മുൻകൂർ ഓർഡർ സ്വീകരിച്ച് പണം ശേഖരിച്ച ശേഷമാണ് പ്രതി വിജയവാഡയിലെത്തി നിസ്സാര വിലക്ക് കഞ്ചാവ് ശേഖരിച്ച് കൂടിയ വിലക്ക് ഇവിടെ എത്തിച്ച് വിൽപ്പന നടത്തുന്നത്.

കഴിഞ്ഞ മാസം മൂന്ന് തവണയാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് ഇത്തരത്തിൽ എത്തിച്ച് ഇവിടെ വിതരണം ചെയ്തത്. കഴിഞ്ഞ വർഷം പ്രതി കഞ്ചാവുമായി ട്രയിനിൽ നിലമ്പൂരിലേക്ക് വരും വഴി പാലക്കാട് റെയിൽവെ പൊലീസ് ഏഴര കിലോ കഞ്ചാവ് സഹിതം പിടികുടി എക്സൈസിന് കൈമാറിയ കേസിൽ മാസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. അതിന് മുമ്പ് ആന്ധ്രയിലും പ്രതിയും കൂട്ടാളികളും പിടിയിലായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആ കേസിലും ജാമൃത്തിലാണ്. ഏഴ് വർഷം മുമ്പ് എടക്കര സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും രാത്രി ബൈക്കിലും കാറിലും കറങ്ങി റബ്ബർ ഷീറ്റ് മോഷ്ടിച്ച് വിറ്റ കേസിലും എടക്കര പൊലീസ് പിടികുടി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വില കൂടിയ വസ്ത്രങ്ങളും ആഡംബര കാറുകളിലും ബൈക്കിലും ചെത്തി നടന്ന് പെൺകുട്ടികളുമായി അടിച്ച് പൊളിക്കാനാണ് പ്രതി ഇങ്ങനെ പണം കണ്ടെത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും ട്രെയിനിലും ബസിലുമായി മാറി മാറി സഞ്ചരിച്ച് ഇന്ന് പുലർച്ചെ നിലമ്പൂർ കെ.എസ്.ആർ.ടി.സി പരിസരത്ത് ബസ്സിറങ്ങി മുൻകൂട്ടി ഓർഡർ ചെയ്ത നിലമ്പൂർ വീട്ടിച്ചാൽ സ്വദേശിയായ ചില്ലറ വിതരണക്കാരന് രണ്ട് പാർസൽ കൈമാറാനായി നിൽക്കുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. പിടിയച്ചെടുത്ത കഞ്ചാവിന് അഞ്ച് ലക്ഷത്തോളം രൂപ വിലവരും.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധന സംഘത്തിൽ നിലമ്പൂർ സ്റേഷനിലെ എസ് ഐ മാരായ വിജയരാജൻ, എം അസൈനാർ, തോമസ് കുട്ടി ജോസഫ്, എസ് സി പി ഒ ജംഷാദ് . ടി, സിപിഒ സജേഷ് , ഡൻസാഫ് അംഗങ്ങളായ എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, ആസിഫലി കെ ടി , നിബിൻ ദാസ് .ടി, ജിയോ ജേക്കബ് എന്നിവരാണ് ഉണ്ടായിരുന്നത്.