ജയ്പൂർ: രാജ്യത്ത് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സാമുദായിക സൗഹാർദം തകർന്നതിനാൽ രാജ്യത്തെ അന്തരീക്ഷം ആശങ്കാജനകമാണെന്ന് ഗെലോട്ട് പറഞ്ഞു. 'ഭാരത് ജോഡോ സേതു' റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗെലോട്ട്.

'സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഭാരത് ജോഡോ യാത്ര നൽകുന്നത്. രാജ്യത്തെ അന്തരീക്ഷം ആശങ്കാജനകമാണ്. ജനാധിപത്യം ഭീഷണി നേരിടുകയാണ്. സാമുദായിക സൗഹാർദം തകരാറിലായിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഭാരത് ജോഡോ സേതു എന്ന പേര് നല്ല സന്ദേശം നൽകും'- ഗെലോട്ട് പറഞ്ഞു.

വിദ്വേഷം അവസാനിപ്പിച്ച് സാഹോദര്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് കോൺഗ്രസ് നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് ഗെലോട്ട് പറഞ്ഞു. ഈ യാത്രയുടെ ഓർമയ്ക്കായാണ് ഭാരത് ജോഡോ സേതു എന്ന പേരിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. അംബേദ്കർ സർക്കിളിന് സമീപമുള്ള എൽഐസി കെട്ടിടത്തെയും അജ്മീർ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് മുമ്പ് സൊദാല എലവേറ്റഡ് റോഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. 250 കോടി രൂപ ചെലവിലാണ് 'ഭാരത് ജോഡോ സേതു' റോഡ് നിർമ്മിച്ചത്.

സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തുടങ്ങിയത്. 150 ദിവസം കൊണ്ട് 3,570 കിലോമീറ്റർ പിന്നിട്ട് യാത്ര ജമ്മു കശ്മീരിൽ സമാപിക്കും.