മറയൂർ: 7 കിലോഗ്രാം ചന്ദന തൈലം ലേലത്തിൽ വിറ്റു. മറയൂരിൽ ഇന്ന് നടന്ന ലേലത്തിലാണ് തൈലം വിറ്റുപോയത്. കിലോക്ക് 2,35,500 രൂപക്കാണ് വിൽപ്പന നടന്നത്. ഇതിനൊപ്പം 27 ശതമാനം നികുതിയും സർക്കാരിന് ലഭിക്കും.

89 കിലോഗ്രാം ചന്ദനതൈലമാണ് ലേലത്തിനായി എത്തിച്ചിരുന്നത്. കേരളാ സോപ്‌സ് ആറ് കിലോഗ്രാം ചന്ദനതൈലവും കെഎസ്ടിഡിസി ഒരു കിലോഗ്രാം ചന്ദന തൈലവും വാങ്ങി. ആദ്യ ദിനം ചന്ദന തൈലത്തിന്റെയും പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വിവിധ ക്ലാസുകളിൽപ്പെട്ട ചന്ദന തടികളുടെയും ലേലമാണ് നടക്കുന്നത്.
1997 കാലത്ത് കള്ളക്കടത്ത് സംഘത്തിൽ നിന്ന് പിടികൂടിയ 222 കിലോ ഗ്രാം ചന്ദന തൈലം 2002 കാലത്ത് മറയൂർ ഡിപ്പോയിൽ എത്തിച്ചിരുന്നു. പിന്നീട് 2019ലാണ് ചന്ദനതൈലം വിൽപ്പന നടത്താൻ ആരംഭിച്ചത്. അഞ്ച് കിലോഗ്രാം ഉൾപ്പെടുന്ന വിവിധ ലോട്ടുകളായ് വിൽപ്പനക്ക് വച്ചതിനാൽ ചന്ദന തൈലത്തിന്റെ വിൽപ്പന ലേലത്തിൽ മന്ദഗതിയിലായിരുന്നു.

മറയൂരിലെ ചന്ദന ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന ചന്ദന തൈലം കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ വഴി പവർ ആൻഡ് നാച്ചുറൽ എന്ന് ബ്രാന്റിലാണ് വിൽപ്പന നടത്തിവരുന്നത്. ഇതിന് ഗ്രാമിന് 500 രൂപ നിരക്കിൽ ഒരു കിലോഗ്രാമിന് അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. മറയൂർ ചന്ദന തൈലം ഇ- ലേലത്തിലൂടെ വാങ്ങിയാൽ പകുതി വിലക്ക് ലഭിക്കും എന്നതാണ് പ്രത്യേകത.