കോഴിക്കോട്: നഗരമധ്യത്തിൽ അഞ്ച് ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ. സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ്, അരീക്കോട് കാവനൂർ സ്വദേശി ശിൽപ്പ എന്നിവരെയാണ് ആന്റി നാർക്കോട്ടിക്‌സ് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ടൗൺ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് ആനിഹാൾ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്.

കോഴിക്കോട്ടെ പല സ്വകാര്യ ലോഡ്ജുകളിലും നിരവധി യുവതീ-യുവാക്കൾ ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടെന്ന് ഡാൻസാഫിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ലോഡ്ജുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ആനിഹാൾ റോഡിലെ ലോഡ്ജിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചത്. അഞ്ച് ഗ്രാം എംഡിഎംഎയും തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു.
പിടിയിലായ മുഹമ്മദ് അൽത്താഫ് മുമ്പ് സൗത്ത് ബീച്ച് പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നു.

ആ സമയത്ത് അവിടെ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ് കൂടുതലായും എത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തട്ടുകടയുമായി ബന്ധപ്പെട്ട് ബിസിനസ് പങ്കാളിയുമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് കട പൂട്ടി ഇപ്പോൾ കക്ക വിൽപ്പന നടത്തുകയാണ് ഇയാൾ. തട്ടുകടയിൽ വച്ചാണ് ശിൽപ്പയുമായി പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ ഇവരെ സ്വാധീനിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് എത്തിക്കുകയായിരുന്നു. എയർപോർട്ടിൽ എയർ ഹോസ്റ്റസിന്റെ ഓഫീസിൽ ജോലി ചെയ്തുവരികയാണ് ശിൽപ്പ.

ഒരു വട്ടം ഉപയോഗിച്ചാൽ പോലും ലഹരിക്ക് അടിമയാകുന്ന മാരക ലഹരി മരുന്നാണ് മെത്തലീൻ ഡയോക്‌സി മെത് ആംഫ്റ്റമൈൻ എന്നറിയപ്പെടുന്ന എംഡിഎംഎ.
ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് വിൽക്കുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇവർക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടുന്നതെന്നും ആർക്കൊക്കെയാണ് നൽകുന്നതെന്നുമെല്ലാമുള്ള വിവരങ്ങൾ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമെ മനസ്സിലാവുകയുള്ളുവെന്ന് ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ ബിജു എം വി പറഞ്ഞു.

ഒരാഴ്ചക്കിടെ കോഴിക്കോട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ (ഡാൻസാഫ്) മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ഗ്രാം എംഡിഎംഎ യുമായി കക്കോടി സ്വദേശിയെയും 6 കിലോ കഞ്ചാവുമായി തിരുന്നാവായ സ്വദേശിയെയും പിടികൂടിയിരുന്നു.