- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്ക് വിദേശത്തേക്ക് അയച്ച പാഴ്സൽ കിട്ടിയില്ല; തിരികെ എത്തിയപ്പോൾ കനത്ത പിഴയും
കലഞ്ഞൂർ: പഠനാവശ്യത്തിന് മകൾക്ക് വിദേശത്തേക്ക് അയച്ച പാഴ്സൽ അവിടെ കിട്ടിയില്ല. തിരക്കി ചെന്ന പിതാവിന് ലഭിച്ചതാകട്ടെ കനത്ത പിഴയും. കലഞ്ഞൂർ പ്ലാവിളയിൽ അനിൽ പി.സാമുവലിനാണ് ഈ ദുരനുഭവം. യൂറോപ്യൻ രാജ്യമായ മൊൾഡോവയിൽ എം.ബി.ബി.എസിന് പഠിക്കുന്ന മകൾ ആഷ്ലി അനിലിന് അയച്ച പാഴ്സലാണ് മാസങ്ങൾക്ക് ശേഷം തിരികെ എത്തിയത്. എന്നാൽ ഈ പാഴ്സൽ തിരികെ കൈപ്പറ്റണമെങ്കിൽ 14,569 രൂപ പിഴയടക്കണം.
പഠനാവശ്യത്തിനുള്ള പുസ്തകങ്ങളും ഒപ്പം ഭക്ഷണസാധനങ്ങളുമാണ് പാഴ്സലിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ മാർച്ച് 16-ന് കൂടൽ പോസ്റ്റോഫീസിലെത്തിയാണ് പാഴ്സൽ അയച്ചത്. 19.5 കിലോ പാഴ്സലിന് ചാർജായി 7820 രൂപയും അടച്ചിരുന്നു. ഒരു മാസമായിട്ടും സാധനങ്ങൾ ലഭിക്കാതെ വന്നപ്പോൾ അനിൽ പോസ്റ്റോഫിസിലെത്തി വിവരം തിരക്കി. പോസ്റ്റൽവകുപ്പിന് പരാതിയും നൽകി. മാസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ ആദ്യം പാഴ്സൽ പോളണ്ടിൽ ഒരു മാസക്കാലവും പിന്നീട് മൊൾഡോവയിൽ അഴ്ചകളോളവും കിടന്നുവെന്നും അഡ്രസുകാരിയെ അറിയിക്കാതെ ഇത് തിരിച്ചയച്ചുവെന്നുമാണ് അറിയുന്നത്.
ഇന്ത്യയിൽനിന്ന് വിമാനമാർഗം പാഴ്സൽ അയച്ചുകഴിഞ്ഞാൽ പിന്നെ ഇവിടെനിന്ന് നോക്കുന്നതിന് ബുദ്ധിമുട്ടുകൾ വളരെ കൂടുതലാണെന്നാണ് ഇതിനെപ്പറ്റി പോസ്റ്റൽ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. പാഴ്സൽ കഴിഞ്ഞ ദിവസം കൂടൽ പോസ്റ്റോഫീസിൽ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും അനിൽ പി.സാമുവൽ അന്തംവിട്ടുപോയത്. സാധനങ്ങൾ തിരികെ എടുക്കണമെങ്കിൽ പോസ്റ്റൽ വകുപ്പിന് പിഴയായി 14,569 രൂപ അടയ്ക്കണമെന്ന നോട്ടീസാണ് കിട്ടിയിട്ടുള്ളത്. ഇത്രയും തുക നൽകി ഈ പാഴ്സൽ തിരികെയെടുക്കുന്നതിന് താത്പര്യമില്ല. ദുരനുഭവത്തിനെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് അനിൽ പി.സാമുവൽ.