- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരൂരിൽ ലക്ഷങ്ങളുടെ മയക്കുമരുന്നും, വടിവാളുകളുമായി നാലംഗ സംഘം പിടിയിൽ; മയക്കുമരുന്നിൽ പതിനാലര കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലും
മലപ്പുറം: വടിവാളുകളും ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി നാലംഗ സംഘം പിടിയിൽ. സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത് ക്വാർട്ടേഴ്‌സ് വളഞ്ഞ്. പിടിച്ചെടുത്തത് പതിനാലര കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലും വടിവാളുകളും കുരുമുളക് സ്‌പ്രേയും. സംഘത്തിലേക്ക് പൊലീസ് എത്തിയത് കാപ്പ ചുമത്തപ്പെട്ട യുവാവിന്റെ ഒളിത്താവളത്തെ കുറിച്ചുള്ള അന്വേഷണത്തിൽ. സംഭവം മലപ്പുറം തിരൂർ മംഗലം എൻ.ഒ.സിപ്പടിയിലാണ്.
മുട്ടന്നൂർ തൊട്ടിവളപ്പിൽ നവാസ്, പൊന്നാനി തൃക്കാവ് തറയിൽ വീട്ടിൽ വിഷ്ണു, എൻ.ഒ.സിപടി ഒറ്റയിൽ അബ്ദുൽറസാക്ക്, പൊന്നാനി സ്വദേശി കറുത്തമാക്കാനാകത്ത് ബദറുദ്ധീൻ എന്നിവരെയാണ് തിരൂർ സിഐ ജിജോ, എസ്‌ഐ ഷിജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എൻ.ഒ.സിപ്പടിയിൽ സംഘം തമ്പടിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. കാപ്പ ചുമത്തി പൊന്നാനിയിൽ നിന്ന് നാട് കടത്തിയിരുന്ന പ്രതിയുടെ ഒളിത്താവളം ക്വാർട്ടേഴ്‌സാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.
ട്രാവലർ ബാഗിൽ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്ന് എത്തിച്ചതാണ് മയക്കുമരുന്നുകളെന്ന് പ്രതികൾ പൊലീസിൽ മൊഴി നൽകി. സംഘത്തിലെ ഒരാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ക്വാർട്ടേഴ്‌സിലും പരിസരങ്ങളിലും പരിശോധന അർധരാത്രി വരെ നീണ്ടു. മറ്റൊരാളുടെ പേരിലുള്ള ക്വാർട്ടേഴ്‌സാണ് സംഘം താവളമാക്കി മാറ്റിയിരുന്നത്. ഇയാളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
നവാസിനെ ഏതാനും മാസം മുമ്പ് 40 കിലോ കഞ്ചാവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ബദറുദ്ധീന് പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടികേസുകളുണ്ട്. ലഹരി കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് വടിവാളുകളും കുരുമുളക് സ്‌പ്രേയും സൂക്ഷിച്ചതെന്ന് സംഘം പൊലീസിന് മൊഴി നൽകി. കഞ്ചാവും ഹാഷിഷ് ഓയിലും ചില്ലറ വിൽപ്പന നടത്തിയിരുന്നു.
മയക്കുമരുന്ന് കടത്തിനായി സംഘം ഉപയോഗിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികളുൾപ്പടെ സംഘത്തെ തേടി എൻ.ഒ.സിപടിയിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായ ഉണ്ണിക്കുട്ടൻ, ധനീഷ്, അരുൺ, പ്രബേഷൻ എസ്‌ഐമാരായ സജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്