മലപ്പുറം: കാപ്പ ചുമത്തി നാടുകടത്തിയ ഗൂണ്ട, വിലക്ക് ലംഘിച്ചതോടെ വീണ്ടും അറസ്റ്റിൽ. മലപ്പുറത്തുനിന്നും നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ടയും 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ പൊന്നാനി സ്വദേശി ഷമീമാണ് വിലക്ക് ലംഘിച്ച് പലതവണ ജില്ലയിലെത്തിയത്. പൊന്നാനി പൊലീസാണ് അറസ്റ്റ് ചെയ്തത്.

പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കൽ വീട്ടിൽ ഷമീമിനെ (27)യാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരി മാഫിയയുടെ തലവനും കൂടിയാണെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലുള്ളവർക്കെതിരെ നടപടി ശക്തമാക്കിയതോടെ, ഇയാൾക്കെതിരെ കാപ്പ ചുമത്തി നാടുകടത്തുകയായിരുന്നു.

പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റിൽ പ്രധാനിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തി പുറത്താക്കിയെങ്കിലും ഇയാൾ ഇടക്കിടെ രഹസ്യമായി പൊന്നാനിയിലെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് ആറ് മാസത്തേക്ക് ഇയാളെ ജില്ലാ കലക്ടർ നാടുകടത്തിയായി ഉത്തരവിറക്കിയത്.

കർമ്മ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ തമ്പടിച്ച് ദമ്പതിമാരെയും കമിതാക്കളെയും അക്രമിച്ച് പിടിച്ച്പറി നടത്തലാണ് ഇയാളുടെ ഹോബി. കൂടാതെ ചെറുപ്പക്കാർക്ക് ന്യൂ ജെൻ ലഹരി വസ്തുക്കൾ എത്തിക്കുന്നതും ഇയാളാണന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർക്കും പൊലീസുകാർക്കും തലവേദനയായ ഇയാളെ സാഹസികമായാണ് പൊന്നാനി നരിപ്പറമ്പിൽ നിന്ന് നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു